വിവാഹത്തിന് യുവതി വിസമ്മതിച്ച യുവതിയുടെ മകളെ തട്ടികൊണ്ടുപോയ സംഭവത്തിൽ യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കമേലഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം. യുവതിയുടെ ഒൻപത് വയസുള്ള കുട്ടിയെയാണ് യുവാവ് തട്ടിക്കൊണ്ടുപോയത്.
നാലുമക്കളുടെ അമ്മയായ യുവതിയുമായി കമലേഷ് അടുത്ത സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ വിവാഹ വാഗ്ദാനം യുവതി നിരസിച്ചു. ഇതോടെ യുവതിയുടെ മക്കളിലൊരാളെ തട്ടികൊണ്ടുപോകാന്‍ കമലേഷ് തീരുമാനിക്കുകയായിരുന്നു.
പുറത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയ തന്റെ മകള്‍ തിരികെയെത്തിയില്ലെന്ന് കാണിച്ച് യുവതി തിങ്കളാഴ്ച ഡല്‍ഹി രോഹിണി ജില്ലയിലെ വിജയ് വിഹാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോകാന്‍ സാധ്യതയുള്ളിടത്തെല്ലാം താന്‍ മകളെ അന്വേഷിച്ചെന്നും യുവതി പൊലീസിനെ അറിയിച്ചു. കുട്ടിയെ തട്ടികൊണ്ടുപോയതിനു പിന്നില്‍ സാമ്പത്തിക ലക്ഷ്യങ്ങളല്ലെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊലീസിന് വ്യക്തമായിരുന്നു.
അന്വേഷണം ഊര്‍ജ്ജിതമാക്കിയ പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് പെണ്‍കുട്ടിയെ ഒരു യുവാവിനോടൊപ്പം കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ യുവതിയെ പൊലീസ് കാണിക്കുകയും കമലേഷാണ് മകള്‍ക്കൊപ്പമുള്ളതെന്ന് യുവതി തിരിച്ചറിയുകയായിരുന്നു.
മെക്കാനിക്കായ കമലേഷ് തന്റെ വീടിന്റെ സമീപത്ത് ജോലിക്കുവന്നപ്പോഴാണ് പരിചയപ്പെട്ടതെന്നും ഇയാള്‍ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ താന്‍ നിഷേധിച്ചിരുന്നുവെന്നും എന്നാല്‍ ഇയാള്‍ ഇതേ കാര്യം ആവശ്യപ്പെട്ട് നിര്‍ബന്ധിക്കാന്‍ തുടങ്ങിയെങ്കിലും താന്‍ വഴങ്ങിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.
കമലേഷിനെ പൊലീസ് പിടികൂടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി യുവതിയെ സമ്മര്‍ദ്ദത്തിലാക്കി വിവാഹം കഴിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് കമലേഷ് പൊലീസിനോട് പറഞ്ഞു.


