ഗിരീഷ് കര്‍ണാഡ് അന്തരിച്ചു

പ്രശസ്ത കന്നഡ എഴുത്തുകാരനും നാടകകൃത്തും നടനുമായ ഗിരീഷ് കര്‍ണാഡ്(81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സാഹിത്യത്തിനുള്ള ഇന്ത്യന്‍ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ് അദ്ദേഹം. പത്മഭൂഷണ്‍, പത്മശ്രീ അവാര്‍ഡ് ജേതാവു കൂടിയാണ് അദ്ദേഹം.

മഹാരാഷ്ട്രയിലെ മാഥേരില്‍ 1938 മെയ് 19നാണ് കര്‍ണാഡ് ജനിച്ചത്. ഇംഗ്ലീഷിലും മറാഠിയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം കന്നഡയിലാണ് സാഹിത്യ രചന നടത്തിയിരുന്നത്. 1958ല്‍ ബിരുദം നേടുകയും 1960-63 കാലഘട്ടങ്ങളിലായി ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ റോഡ്‌സ് സ്‌കോളര്‍ ആയിരുന്നു. പിന്നീട് ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സാമ്പത്തിക ശാസ്ത്രം എന്നിവയിലും എംഎ ബിരുദം നേടി. കര്‍ണാടക സംസ്ഥാന നാടക അക്കാദമി, കേന്ദ്ര സംഗീത അക്കാദമി എന്നിവിടങ്ങളിലായി അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.

സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാന നടനുമായി സിനിമാ രംഗത്തു പ്രവേശിച്ച കര്‍ണാഡിന്റെ ആദ്യ സംവിധാന ചിത്രമാണ് വംശവൃക്ഷ. പിന്നീട് ഹിന്ദി സിനിമകളില്‍ ബെനഗലിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിഷാന്ത്(1975), കലിയുഗ്(1980) എന്നീ ചിത്രങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട.

നാടകകൃത്തെന്ന നിലയില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ച അദ്ദേഹത്തിന്റെ ആദ്യ നാടകം യയാതി എഴുതിയത് ഇംഗ്ലണ്ടില്‍ വച്ചായിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്ത് ബാദല്‍സര്‍ക്കാര്‍, മോഹന്‍ രാകേഷ്, വിജയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് ചലനങ്ങള്‍ സൃഷ്ടിക്കാന്‍
കര്‍ണാഡിന് കഴിഞ്ഞിട്ടുണ്ട്. നാടോടി രംഗത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിബാബ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.

സിനിമിലും സജീവമായിരുന്ന അദ്ദേഹം മലയാളത്തില്‍ പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബംഗളുരുവില്‍ ഗൗരി ലങ്കേഷിന്റെ അനുസ്മരണത്തില്‍ പങ്കെടുക്കവെ ‘ഞാനും അര്‍ബന്‍ നകിസലാണ്’ എന്ന പ്ലക്കാര്‍ഡ് കഴുത്തിലണിഞ്ഞതിന് പോലീസ് ഗിരീഷ് കര്‍ണാഡിനെതിരെ കേസെടുത്തിരുന്നു.