നിപ്പ രോഗലക്ഷണങ്ങളോടെ ഇന്നലെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ആള്‍ക്ക് നിപ്പ ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. എന്നാല്‍ രോഗമില്ലെന്ന് ഉറപ്പായെങ്കിലും ഇയാളെ ഐസലേഷന്‍ വാര്‍ഡില്‍ നിന്നും ഉടനെ മാറ്റില്ല.
നിലവില്‍ മെഡിക്കല്‍ കോളേജ് ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴു പേര്‍ക്കും നിപ്പ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കളക്ടര്‍ മുഹമ്മദ് സഫിറുള്ളയാണ് ഇക്കാര്യം ഉറപ്പാക്കിയത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച ആളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആദ്യമായി രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ സാമ്പിളുകളില്‍ ഒന്നില്‍ മാത്രമാണ് രോഗബാധ ഉള്ളതായി കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സംശയിക്കുന്ന വരില്‍ നടത്തിയ പരിശോധനയില്‍ ആരും തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ല എന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് കേന്ദ്ര വിദഗ്ധ സംഘം തൊടുപുഴയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. ഇതുവരെ കോട്ടയം, കൊല്ലം, തൃശൂര്‍ ജില്ലകളിലായി രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന സംശയത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ആര്‍ക്കും തന്നെ രോഗം ഉള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇവരെല്ലാം നിരീക്ഷണത്തില്‍ തുടരും.