പാര്‍ട്ടിയുടെ സ്വാധീനം നഷ്ടമാകുന്നു; സിപിഎം കേന്ദ്രകമ്മിറ്റി

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ കരുത്തും സ്വാധീനവും നഷ്ടമാകുന്നുവെന്ന് സ്വയം വിമര്‍ശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വോട്ടുകള്‍ നഷ്ട്മായെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി. ശബരിമല വിധിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് എന്തുകൊണ്ടാണെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തി അവരെ തിരിച്ചു കൊണ്ടു വരണമെന്നും സംസ്ഥാന ഘടകങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്‍ടിയുടെ ലക്ഷ്യം. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും ഉണ്ടായ തിരിച്ചടികള്‍ മറികടക്കുന്നതിന് 11 ഇന കര്‍മ പരിപാടികള്‍ക്കും പാര്‍ടി രൂപം നല്‍കി. 2015ല്‍ കൊല്‍ക്കത്ത പ്‌ളീനം അംഗീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന ഘടകങ്ങള്‍ വീഴ്ച വരുത്തിയെന്നും കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ശബരിമല വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനൊപ്പം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന തോന്നലുണ്ടാക്കിയത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിശ്വാസികളുടെയും പിന്തുണ നഷ്ടമായതാണ് കേരളത്തിലെ തിരിച്ചടിക്ക് കാരണമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.