തീരത്ത് വൻ തിരമാലക്ക് സാധ്യത; ”വായു” ഗുജറാത്തിലേക്ക് അടുക്കുന്നു

അറബിക്കടലിൽ രൂപപ്പെട്ട ‘വായു’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തോട് അടുക്കുന്നു. വ്യാഴാഴ്ച പുലർച്ചെ പോർബന്തർ, മഹുവ തീരത്ത് 110 മുതൽ 135 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വൈകുന്നേരം കാറ്റിന്‍റെ വേഗം കുറയുമെന്നാണ് കരുതുന്നത്.
കച്ച് മുതൽ ദക്ഷിണ ഗുജറാത്ത് വരെ തീരപ്രദേശത്ത് അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കരുതുന്ന പ്രദേശങ്ങളിൽനിന്ന് 10,000 പേരെ ഒഴിപ്പിച്ചു. മൂന്നു ലക്ഷം പേരെ ഒഴിപ്പിക്കുകയാണ് ലക്ഷ്യം. 60 ലക്ഷം പേരെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് സർക്കാറിന്‍റെ വിലയിരുത്തൽ. മേഖലയിൽ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. നാവിക സേന ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, കേരള തീരത്ത് ബുധനാഴ്ച പകൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകും. പൊഴിയൂർ മുതൽ കാസർകോട് വരെ തീരക്കടലിൽ 3.5 മുതൽ 4.3 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി.