സംസ്ഥാനത്തെ 14,350 റേഷൻ കടകളിൽനിന്ന് ഇനി കുപ്പിവെള്ളവും വിതരണംചെയ്യും. ചൊവ്വാഴ്ച ഭക്ഷ്യമന്ത്രി പി. തിലോത്തമനുമായി നടത്തിയ ചർച്ചയിലാണ് റേഷൻ വ്യാപാരി സംഘടന പ്രതിനിധികൾ പദ്ധതിയുമായി സഹകരിക്കാൻ തയാറായത്. 11 രൂപയാണ് വില. സംസ്ഥാനത്ത് വ്യാപകമായി കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുെന്നന്ന വ്യാപക പരാതിയെ തുടർന്ന് സപ്ലൈകോ വിപണനശാലകളിൽ 11 രൂപക്ക് ഒരു ലിറ്റർ കുപ്പിവെള്ളം വിതരണം ചെയ്തിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ ബോട്ടിൽ വാട്ടർ മാനുഫാക്ചറിങ് അസോസിയേഷെൻറ സഹകരണത്തോടെ റേഷൻ കടകളിലും അതേവിലയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കാൻ നടപടി ആരംഭിച്ചത്. റേഷൻ സാധനങ്ങൾക്ക് പുറമേ കുപ്പിവെള്ളവും ശബരി ഉൽപന്നങ്ങളും വിൽക്കാൻ റേഷൻ വ്യാപാരികൾക്ക് സർക്കാർ അനുവാദം നൽകും. അംഗീകൃത കുപ്പിവെള്ള കമ്പനികളുടെ ഉൽപന്നം വിൽക്കുന്നതിനാവും അനുമതി.
ചർച്ചയിൽ റേഷൻ വ്യാപാരികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുന്നതിനും ധാരണയായി. റേഷൻ വ്യാപാരികളിൽനിന്നും ഇതിനായി വരുന്ന പ്രീമിയം ശേഖരിച്ച് ചികിത്സ ആനൂകൂല്യം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് തയാറാകുന്നത്. റേഷൻ വ്യാപാരികൾക്ക് പുറമേ കടകളിൽ വിൽപനക്കാരായി നിയമിച്ചവർക്ക് കൂടി ഇൻഷുറൻസ് ആനൂകൂല്യം ലഭ്യമാക്കണമെന്ന് ഒരുവിഭാഗം സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ പദ്ധതി തയാറാക്കി സമർപ്പിക്കാൻ റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിനെ മന്ത്രി ചുമതലപ്പെടുത്തി.