അറബിക്കടലിൽ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റിന്റെ ദിശയില്‍ മാറ്റം. വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നു. ഇതോടെ ചുഴലിക്കാറ്റ് ഗുജറാത്തിൽ കരയിലേക്കു കയറി വീശാൻ സാധ്യതയില്ല. തീരത്തു ആഞ്ഞടിക്കുമെങ്കിലും കരയിൽ വലിയ നാശനഷ്ടമുണ്ടാക്കാതെ കടന്നുപോകും. എന്നാല്‍ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്.
‘വായു’ ചുഴലിക്കാറ്റ് ഇന്ന് ഉച്ചതിരിഞ്ഞ് ഗുജറാത്തിൽ എത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന്, കച്ച്, സൗരാഷ്ട്ര മേഖലയിൽ നിന്ന് 3 ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അതിതീവ്ര ചുഴലിയായി ശക്തിപ്രാപിച്ച ‘വായു’ വെരാവലിന് 110 കിലോമീറ്റർ തെക്കുപടിഞ്ഞാറു വരെ എത്തി. നിലവിൽ മണിക്കൂറിൽ 135 – 145 കിലോമീറ്റർ വേഗത്തിലാണ് കാറ്റു വീശുന്നത്. കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് ഇന്ന് ഉച്ചയ്ക്കു ശേഷം 170 കിലോമീറ്റർ വേഗത്തിൽ കച്ച്, പോർബന്തർ പ്രദേശത്ത് ആഞ്ഞടിക്കുമെന്നായിരുന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നത്. മഹാരാഷ്ട്ര, ഗോവ തീരപ്രദേശങ്ങളിലും കാറ്റ് ശക്തമായിരിക്കും. ഗുജറാത്തിലെ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും പ്രവർത്തനം നിർത്തിവച്ചു. തീരദേശത്തുകൂടി പോകേണ്ട ട്രെയിനുകൾ റദ്ദാക്കി. റോഡ് ഗതാഗതം വിലക്കിയിട്ടുണ്ട്.