തിരുവനന്തപുരം: കേരള ലളിത കലാ അക്കാദമിയുടെ മികച്ച കാര്‍ട്ടൂണിനുളള പുരസ്കാരം വിവാദമായ സാഹചര്യത്തില്‍, പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് നിയമസഭയില്‍ പറഞ്ഞു. കാര്‍ട്ടൂണ്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പ്രമേയം സര്‍ക്കാര്‍ അംഗീകരിച്ചു.
പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്രിസ്തീയ മതചിഹ്നങ്ങളെ അവഹേളിക്കുന്ന രീതിയോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന് എ കെ ബാലന് പറഞ്ഞു.കാര്‍ട്ടൂണിന്റെ പ്രമേയത്തെ അംഗീകരിക്കുന്നുവെങ്കിലും മതനിരപേക്ഷതയെ ഹനിക്കുന്ന നടപടികളോട് സര്‍ക്കാരിന് യോജിപ്പില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു.
വിവാദ കാര്‍ട്ടൂണിന് അവാര്‍ഡ് നല്കിയ ലളിത കലാ അക്കാദമിയുടെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. ആര്‍ക്കും എഴുതാനും പറയാനും സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാറിന്റെ നിലപാടിനെ സിപിഐ വിമര്‍ശിക്കുകയാണ് ചെയ്തത് . ലളിത കല അക്കാദമി സ്വതന്ത്ര സ്ഥാപനം എന്നായിരുന്നു കാനത്തിന്റെ നിലപാട്. ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് ശേഷം അത് തിരിച്ചെടുക്കുമോ എന്നും കാനം ചോദിച്ചിരുന്നു