പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍

മജിസ്റ്റീരിയല്‍ പദവിയോടു കൂടി പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മജിസ്റ്റീരിയല്‍ അധികാരത്തോടെ കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനെതിരെ സിപിഐ നിയമകക്ഷി നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സിപിഎം സംസ്ഥാന നേതൃത്വവുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം നീട്ടിവെച്ചതെന്നാണ് സൂചന. സമവായത്തിലൂടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള ഉത്തരവിറങ്ങാനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെയാണ് എതിര്‍പ്പുമായി സിപിഐ രംഗത്ത് വന്നത്. മുന്നണിയിലെ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്. ഇതോടെയാണ് സിപിഐയ്ക്ക് അതൃപ്തി അറിയിച്ചത്.

മജിസ്റ്റീരിയല്‍ അധികാരം കളക്ടര്‍മാര്‍ മാത്രം കൈയ്യാളിയിരുന്ന അധികാരമായിരുന്നു. എന്നാല്‍ ഈ അധികാരം പൊലീസിന് നല്‍കുമ്പോള്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും. മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലൊക്കെ ഇത് വ്യാപകമായി ദുരുപയോഗം ചെയ്ത അനുഭവങ്ങളുണ്ട്. അതിനാല്‍ ഈ നയപരമായ വിഷയത്തില്‍ കൃത്യമായ കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും സിപിഐ പറഞ്ഞിരുന്നു. എതിര്‍പ്പുകള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പിന്നീടേക്ക് മാറ്റിയത്.

ജനസംഖ്യയില്‍ താരതമ്യേന മുന്നിലുള്ളതും കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നതുമായ നഗരങ്ങളില്‍ മെട്രോപൊളിറ്റന്‍ പൊലീസ് കമ്മിഷണറേറ്റ് സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങിയപ്പോള്‍ത്തന്നെ ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതില്‍ തര്‍ക്കമുയര്‍ന്നു.