സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; അന്വേഷണം തുടരുമെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ: വള്ളിക്കുന്നത്ത് കൊല്ലപ്പെട്ട പോലീസ് സ്‌റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യയുടെ മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഓച്ചിറ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സൗമ്യയുടെ ഭര്‍ത്താവ് ലിബിയയില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിയിരുന്നു.

ജൂണ്‍ 15നാണ് ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജാസ് സൗമ്യയെ വെട്ടി വീഴ്ത്തിയശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അജാസും കഴിഞ്ഞദിവസം മരിച്ചിരുന്നു.

സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ മാത്രമാമ് ഉത്തരവാദിയെന്നും അജാസ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതി അജാസിനെ ഒരാള്‍ സഹായിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്ന സാഹചര്യത്തില്‍ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരും.