തിരുവനന്തപുരം: കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യം വച്ചേക്കുമെന്നുളള റിപ്പോര്‍ട്ട് പുറത്ത് വിട്ട് ഇന്റലിജന്‍സ്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍, മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങള്‍ അടങ്ങുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് പുതിയ തന്ത്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമാണെന്നാണ് വിലയിരുത്തല്‍. ടെലഗ്രാം മെസഞ്ചര്‍ തുടങ്ങിയ ആപ്പുകള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ ഇവര്‍ ആശയവിനിമയം നടത്തുന്നത്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യയും ശ്രീലങ്കയുമാണ് ഇപ്പോള്‍ ഭീകരരുടെ പുതിയ ആക്രമണ ലക്ഷ്യങ്ങള്‍. കേരളത്തില്‍ നിന്ന് നൂറോളം പേരാണ് ഐഎസ് ആശയങ്ങളില്‍ താല്പര്യം കാണിച്ച് രാജ്യം വിട്ടത്. 21 കൗണ്‍സിലിങ് സെന്ററിലായി നടത്തിയ നിരന്തരമായ കൗണ്‍സിലിങ്ങുകളിലൂടെ 3000 പേരെ ഭീകരവാദ ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനായെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരില്‍ ഭൂരിഭാഗം ആളുകളും ഉത്തരകേരളത്തില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.