ചിക്മംഗലൂരു: ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്ന് അച്ഛന് കഴുത്ത് ഞെരിച്ച് കൊന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛനായ മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടി പിറന്നതു മുതല്‍ ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കിടുമായിരുന്നു. പിന്നീട് ഇയാള്‍ ജോത്സ്യനെ സമീപിച്ചു. നല്ല ഭാവിക്ക് പെണ്‍കുട്ടിയെ കൊല്ലുന്നതാണ് നല്ലതെന്ന ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്നാണ് ഇയാള്‍ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ഭാര്യ അടുക്കളയില്‍ ജോലി ചെയ്യുകയും മറ്റ് കുടുംബാംഗങ്ങള്‍ വീട്ടിലില്ലാത്തതുമായ സാഹചര്യത്തില്‍ ഇയാള്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഭാര്യ തിരിച്ചെത്തിയപ്പോള്‍ കുട്ടിയുടെ മൂക്കില്‍നിന്ന് രക്തം വരുന്നതും ശ്വാസം നിലച്ചതും ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.
മരണം അസ്വാഭാവികമാണെന്നും പൊലീസില്‍ പരാതിപ്പെടണമെന്നും ഡോക്ടര്‍ അറിയിച്ചതോടെ ഭാര്യക്ക് മഞ്ജുനാഥില്‍ സംശയം തോന്നി. ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി. ചോദ്യം ചെയ്യലിലാണ് മഞ്ജുനാഥ് സംഭവം വിവരിച്ചത്. പെണ്‍കുഞ്ഞ് പിറന്നതില്‍ മഞ്ജുനാഥിന് ആതൃപ്തി ഉണ്ടായിരുന്നുവെന്നും അതിനെ തുടര്‍ന്നാണ് ജോത്സ്യനെ സമീപിച്ചതെന്നും പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.