ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് നടനും മുൻ പ്രവാസിയുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാറിനെയും ഫണ്ട് പിരിവിനായി ഗൾഫിലെത്തുന്ന രാഷ്ട്രീയക്കാരെ സ്വീകരിക്കുന്ന പ്രവാസി സംഘടനകളെയും ആണ് വിമർശിക്കുന്നത്.
കേരളത്തിൽ എന്തെങ്കിലും സംരംഭം തുടങ്ങി വിജയിച്ച സാധാരണക്കാരനായ പ്രവാസികൾ ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ‘വൻ’ വ്യവസായികൾക്കാണ് പുതിയ സംരഭം തുടങ്ങാൻ സർക്കാർ വാതിലുകൾ മലർക്കെ തുറന്നു വെച്ചിട്ടുള്ളത്. വർഷം തോറും ഒരു പ്രവാസിയെയെങ്കിലും ബലി കൊടുത്താലും രക്തദാഹം ശമിക്കാത്ത രാഷ്ട്രീയക്കാർ സഹായം ചോദിച്ചും ഫണ്ടുപിരിവിനായും ഗൾഫിൽ ചെന്നിറങ്ങുമ്പോൾ യാതൊരു ഉളുപ്പുമില്ലാതെ പൂമാലയിട്ട് സ്വീകരിക്കാൻ തിടുക്കം കൂട്ടുന്ന പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടതെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മണലാരണ്യങ്ങളിൽ പോയി കഷ്ടപ്പെട്ട് പണമുണ്ടാക്കി നാട്ടിൽ വന്നു എന്തെങ്കിലും സംരഭം തുടങ്ങുവാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളികൾ തുടങ്ങിയ നിരവധി കീറാമുട്ടികളുമായി കെട്ടിമറിഞ്ഞു പരാജയപ്പെടുന്ന ഒരാളുടെ കഥയാണല്ലോ മുപ്പത് വർഷം മുൻപ് പുറത്തിറങ്ങിയ ‘വരവേൽപ്’ എന്ന ശ്രീനിവാസൻ സിനിമ. ഇതു ഒരു പ്രവാസിയുടെ കഥ മാത്രമല്ല. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്നു ശിഷ്ടകാലം ജീവിക്കുവാൻ എന്തെങ്കിലും ഏർപ്പാട് തുടങ്ങിയ ഒരുപാടുപേരുടെ കഥകളിൽ ഒന്ന് മാത്രമാണത്.
പ്രവാസി ജീവിതം അവസാനിപ്പിച്ചു വരുന്ന മലയാളിക്ക് ഇങ്ങിനെയൊരവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നും ഇതിനു മാറ്റം വരണമെന്നും പറഞ്ഞു 2003ലെ ജിമ്മി (GIM)ൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് ഈ സിനിമ പരാമർശിക്കുകയും ചെയ്തു. എന്നിട്ടുമുണ്ടോ നമ്മൾ മലയാളികൾ മാറുന്നു!
കേരളത്തിൽ എന്തെങ്കിലും സംരംഭം തുടങ്ങി വിജയിച്ച സാധാരണക്കാരനായ പ്രവാസികൾ ആരെങ്കിലും ഉണ്ടോ എന്ന് സംശയം. ഇതാ ഒടുവിൽ ഒരു കണ്ണൂർ ജില്ലയിലെ ആന്തൂർ എന്ന സ്ഥലത്ത് ഒരു കൺവെൻഷൻ സെന്റർ തുടങ്ങാനൊരുമ്പെട്ടു ഒടുവിൽ ചുവപ്പ് ഫയലിന്റെ നീരാളി കരങ്ങളിൽ കുടുങ്ങി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന സാജൻ പാറയിൽ എന്ന ഹതഭാഗ്യനാണ് അവസാനത്തെ ഇര.
മറുനാട്ടിൽ കിടന്ന് വിയർത്തു സമ്പാദിച്ച പണം കൊണ്ട് ശിഷ്ടകാലം ജന്മനാട്ടിൽ കഴിയുക എന്നത് ഒട്ടുമിക്ക പ്രവാസികളുടെയും മോഹമാണ്.
അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും പ്രവാസജീവിതം നയിക്കുന്നവർ കേരളത്തിൽ മുതൽ മുടക്കി ഒരു വ്യവസായമോ എന്തിനു മുറുക്കാൻ കട പോലുമോ തുടങ്ങില്ല. കൂടി വന്നാൽ ആൾ താമസമില്ലാത്ത ഒരു കൂറ്റൻ വീടോ ഫ്ലാറ്റോ വാങ്ങിച്ചിടും.
എന്നാൽ, മരുഭൂമിയിലെ ജീവിതം അനുഭവിച്ചവർ നേരെ തിരിച്ചാണ്. അവർ കിട്ടുന്ന ശബളം കിട്ടുന്ന പടി നാട്ടിലേക്കയക്കുന്നു. മിച്ചം വെച്ച പണം കൊണ്ട് ശിഷ്ടകാലത്തേക്ക് ജീവിക്കുവാനുള്ള ഒരേർപ്പാട് തുടങ്ങുന്നു. സ്വന്തമായി ഒരേർപ്പാട് തുടങ്ങുവാനോ വളരുവാനോ അനുവദിക്കാത്ത മണ്ണാണ് കേരളത്തിന്റേത് എന്നറിയുമ്പോഴേക്ക് അയാളുടെ ആയുസ് അവസാനിക്കുന്നു.
ഒരു വർഷം മുമ്പാണ് ഒരു വർക് ഷോപ്പ് തുടങ്ങാൻ ശ്രമിച്ചു രാഷ്ട്രീയ പാർട്ടികളുടെ ബലിയായി മാറിയ പുനലൂരിലെ സുഗതൻ എന്നയാളുടെ കഥ നമ്മൾ വായിച്ചു തീർത്തത്. അയാൾ ബലിയായതോടെ വർക് ഷോപ്പിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. ഇപ്പോൾ ആന്തൂർ എന്ന ഒറ്റ പാർട്ടി ഭരിക്കുന്നയിടത്തിൽ ഒരു പ്രവാസി തന്റെ ജീവിതം ബലി കൊടുക്കേണ്ടി വരുന്നത് എന്തിന്റെ പേരിലായിരിക്കാം?
ഒരു പാർട്ടി മാത്രം ഭരിക്കുന്ന ഒരു ഗ്രാമം ഇങ്ങിനെയാണെങ്കിൽ കേരളം മൊത്തം ഒരു പാർട്ടി ഭരിച്ചാലുള്ള അവസ്ഥയെയാണ് ഭയക്കേണ്ടത്.
കേരളം വ്യവസായികൾക്ക് പുതിയ സംരഭം തുടങ്ങാൻ വാതിലുകൾ മലർക്കെ തുറന്നു വെച്ചിട്ടുണ്ടത്രെ! ശരിയാണ് ഒരു വാക്ക് അതിൽ വിട്ടു പോയിട്ടുണ്ട്. “വൻ” വ്യവസായി എന്നാണു സർക്കാർ ഉദ്ദേശിച്ചത്. വൻ വ്യവസായികൾ തുടങ്ങിയ ഏത് സംരംഭത്തിനാണ് വിലക്ക് വീണിട്ടുള്ളത്?
അവരുടെ ഏത് ഫയലാണ് എവിടെയെങ്കിലും കുരുങ്ങിക്കിടക്കുന്നത്? ഇതു ഒരു രാഷ്ട്രീയ പാർട്ടി ഭരിക്കുമ്പോഴുള്ള പ്രതിഭാസമല്ല. ആര് ഭരിച്ചാലും ഇതു തന്നെയാണ് സ്ഥിതി.
ബുദ്ധിയുള്ള പല പ്രവാസികളും അയൽ സംസ്ഥാനങ്ങളിൽ വ്യവസായം ആരംഭിക്കുന്നതാണ് പുതിയ ലൈൻ. വ്യവസായം ലാഭകരമല്ലെങ്കിലും സമാധാനമുണ്ടല്ലോ എന്നതാണ് അവരുടെ സമാധാനം. ഇങ്ങിനെ വർഷം തോറും ഒരു പ്രവാസിയെയെങ്കിലും ബലി കൊടുത്താലും രക്തദാഹം ശമിക്കാത്ത രാഷ്ട്രീയക്കാർ സഹായം ചോദിച്ചും ഫണ്ടുപിരിവിനായും ഗൾഫിൽ ചെന്നിറങ്ങുമ്പോൾ യാതൊരു ഉളുപ്പുമില്ലാതെ പൂമാലയിട്ട് സ്വീകരിക്കാൻ തിടുക്കം കൂട്ടുന്ന പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്.