
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി. മാഗസിൻ കോളമിസ്റ്റായ ഇ. ജീൻ കരോളാണ് ട്രംപ് ന്യൂയോർക്കിലെ ആഡംബര ഡിപ്പാർട്ട്മെൻറ് സ്റ്റോറിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 1990കളിൽ നടന്ന സംഭവത്തെ കുറിച്ച് തൻെറ പുതിയ പുസ്തകത്തിലാണ് കരോൾ വിവരിക്കുന്നത്.
“വാട്ട് ഡു നീഡ് മെൻ ഫോർ? എ മോഡസ്റ്റ് പ്രൊപ്പോസൽ” എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് പരാമർശമുള്ളത്. 23 വർഷങ്ങൾക്ക് മുമ്പ് ഡ്രസിങ് റൂമിൽ ട്രംപ് അപമാനിക്കുകയായിരുന്നു എന്നാണ് ജീനിൻെറ ആരോപണം. അതേ സമയം, കാരോളിൻെറ ആരോപണങ്ങൾ നിഷേധിച്ച് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ജീവിതത്തിൽ ഇതുവരെ കാരോളിനുമായി കൂടികാഴ്ച നടത്തിയിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. പുസ്തകം വിൽക്കാനുള്ള കാരോളിൻെറ തന്ത്രം മാത്രമാണ് പുതിയ ആരോപണമെന്നും അദ്ദേഹം പ്രതികരിച്ചു. ഏകദേശം 15ഓളം സ്ത്രീകളെങ്കിലും ട്രംപിനെതിരെ പീഡന ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.