അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസില്‍ ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി, ചാളയൂര്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ശക്തിവേല്‍ എന്നിവര്‍ അറസ്റ്റിലായി. Scheduled Caste and Scheduled Tribe (Prevention of Atrocities) Act, 1989 നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ചാവടിയൂര്‍ സ്വദേശി തായമ്മയെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ച കേസിലാണ് അറസ്റ്റ്. ആശുപത്രിയിൽ വെച്ച് തായമ്മയെ ഉപദ്രവിച്ച സംഭവത്തില്‍ സരസ്വതിയുടെ മകന് പ്രവീണിനെതിരെയും കേസുണ്ട്. ജൂണ്‍ 13 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
അതേസമയം ഞായറാഴ്ച സ്റ്റേഷനില്‍ ഹാജരാകാമെന്ന പറഞ്ഞ സരസ്വതിയെ രാത്രിയില്‍ മൂന്ന് വാഹനങ്ങളിലെത്തിയ പോലീസ് വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്തുവെന്നും അന്യായമായി കേസെടുക്കുകയായിരുന്നെന്നും സി.പി.എം. ഏരിയാ കമ്മിറ്റി ആരോപിച്ചു. എന്നാല്‍, കേസന്വേഷണവുമായി സഹകരിക്കാതെ സാക്ഷികളെ ഭീഷണിപ്പെടുത്തി പ്രവീണ്‍ ഒളിവില്‍ പോയ സാഹചര്യത്തിലാണ് സരസ്വതിയെയും ശക്തിവേലിനെയും വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതെന്ന് അഗളി എ.എസ്.പി. നവനീത് ശര്‍മ അറിയിച്ചു.