ബസ് വ്യവസായത്തെ തകര്‍ക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് (ഐബിഒഎ) ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക്് പണിമുടക്കും. സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തന്നെ പറഞ്ഞിരുന്നു. ഇതിനിടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം.രാമചന്ദ്രന് കമ്മീഷന് സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്കി.
കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുന്നു എന്നാരോപിച്ചാണ് നാനൂറോളം ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്. ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
നാനൂറോളം ബസുകളാണു സമരത്തില്‍ പങ്കെടുക്കുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ പഠനത്തിനും ജോലിക്കുമായി പോകുന്നവരെ സമരം കാര്യമായി ബാധിക്കും. കെഎസ്ആര്‍ടിസി സര്‍വീസും ദിവസങ്ങള്‍ കൂടുമ്പോഴുള്ള ട്രെയിന്‍ സര്‍വീസും മാത്രമാകും ഇവരുടെ ആശ്രയം.