ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചവശനാക്കിയ യുവാവ് മരിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന ഷാംസ് തബരീസാണ് ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച ജംഷഡ്പൂരില്‍ നിന്നും സെരായ്‌കേലയിലേക്ക് രണ്ട് സുഹൃത്തുക്കളുമൊത്തു മടങ്ങുമ്പോള്‍ ഗ്രാമത്തില്‍നിന്നു കാണാതായ ബൈക്ക് മോഷ്ടിച്ചത് തബ്രീസും സുഹൃത്തുക്കളുമാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ വളയുകയായിരുന്നു. തുടര്‍ന്ന് തബ്രീസിനെ തൂണില്‍ ചേര്‍ത്ത് കെട്ടിയ ശേഷം ഏഴുമണിക്കൂറോളം അടിച്ച് അവശനാക്കുകയും ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍’ എന്നു വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പ്രതികള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ മര്‍ദ്ദിക്കുന്ന വിഡിയോ പ്രചരിപ്പിച്ചിട്ടുണ്ട്. നിലത്ത് പുല്ലില്‍ കിടക്കുന്ന തബ്രീസിനെ ഒരാള്‍ മരക്കഷ്ണം ഉപയോഗിച്ചു മര്‍ദിക്കുന്നതായും വീഡിയോയില്‍ കാണാം.
പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷവും തബ്രീസ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി. ലാത്തിയടിയേറ്റ പാടുകള്‍ ശരീരത്തില്‍ കാണാമെന്നും ബന്ധുക്കള്‍ ആരോപിച്ചു. തബ്രീസിനെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന ബന്ധുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും കള്ളനു വേണ്ടി സംസാരിക്കാന്‍ നിന്നാല്‍ ജയിലില്‍ ഇടുമെന്ന് പറഞ്ഞു കാണാന്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് പപ്പു മണ്ഡല്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.