ചാര വിമാനം വെടിവെച്ചിട്ടതില്‍ പ്രതിഷേധിച്ച് ഇറാനെതിരെ സൈബര്‍ ആക്രമണത്തിന് തുടക്കം കുറിച്ച് അമേരിക്ക. ഇറാന്റെ മിസൈല്‍ സംവിധാനവും ചാര ശൃംഖലയും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ സൈബര്‍ ആക്രമണം. ആക്രമണത്തില്‍ അമേരിക്ക ഇറാന്റെ മിസൈല്‍ റോക്കറ്റ് വിക്ഷേപണ ശേഷിയെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഇറാന്‍ നിഷേധിച്ചു. അതേസമയം അമേരിക്കയുടെ ആളില്ലാ വിമാനം അതിര്‍ത്തി ലംഘിച്ചതിന്റെ വിശദാംശങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു. യുഎസ് ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലൂടെയുള്ള ആകാശപാത ഉപയോഗിക്കുന്നതില്‍ മിക്ക വിമാനകമ്പനികളും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള എല്ലാ വിമാനസര്‍വ്വീസുകളും ഇന്ത്യയും റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഇറാന്‍ വ്യോമാതിര്‍ത്തിയുടെ ഭാഗങ്ങള്‍ ഒഴിവാക്കി യാത്രാമാര്‍ഗ്ഗത്തില്‍ മാറ്റം വരുത്താന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. അമേരിക്കയുടെ സൈബര്‍ ആക്രമണത്തിന് ശക്തമായ പിന്തുണയുമായി ബ്രിട്ടണും രംഗത്ത് വന്നിട്ടുണ്ട്.