ഡോ.ടിക്ടോക്

by Sreeja O.K

ചുരുങ്ങിയ കാലയളവില്‍ സര്‍ഗ്ഗാത്മകതയുടെ വേദിയായി മാറിയ ഒരിടമാണ് ടിക് ടോക്. ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ വിനോദം പ്രധാനം ചെയ്യുന്നു എന്നത് കൊണ്ട് തന്നെ മറ്റു സാമൂഹ്യ മാധ്യമങ്ങളെ അപേക്ഷിച്ച് വളരെയധികം പ്രചാരമുണ്ട് ഇതിന്. ഈ ജനപ്രിയത ഒട്ടേറേ ടിക് ടോക് താരങ്ങളെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു സംഭാഷണത്തിന്റെയോ പാട്ടിന്റെ വരികളുടേയോ വിവിധ അനുകരണങ്ങള്‍ വ്യത്യസ്ഥ രീതിയില്‍ പരീക്ഷിക്കുന്ന രീതിയാണ് സാധാരണയായി ടിക് ടോകില്‍ കണ്ടു വരുന്നത്. ആവര്‍ത്തിക്കപ്പെടുന്ന ശബ്ദ ശകലങ്ങളാണെങ്കിലും അവതരണത്തിലെ വ്യത്യസ്ഥത, വിരസതയകറ്റി കാഴ്ചകാര്‍ക്ക് വിനോദം നല്‍കുന്നു. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ അനുകരിക്കുകയോ കാണുകയോ ചെയ്യുന്ന ശബ്ദ ശകലവും വീഡിയോയും ആണ് ടിക് ടോകില്‍ ‘വൈറലായി’ എന്ന് അറിയപ്പെടുന്നത്.

അത്തരത്തില്‍ ഈയിടെ വൈറലായ എറ്റവും കൂടുതല്‍ ആളുകള്‍ അനുകരിച്ച ഒന്നായിരുന്നു ‘അമ്മേ…ബുക്കൊക്കെ കിട്ടിയമ്മേ….’എന്ന് തുടങ്ങുന്ന കൊച്ചു കുട്ടിയുടെ വീഡിയോ. കുഞ്ഞു ശബ്ദത്തില്‍ രസകരമായി എത്തിയ വീഡിയോയുടെ അനുകരണങ്ങള്‍ ഏറെ എത്തിയെങ്കിലും ആളുകളെ ഏറെ ആകര്‍ഷിച്ചത് ഹെയര്‍ ബാന്‍ഡ് തലയില്‍ വച്ച് മീശയുള്ള ഒരു വലിയ കുഞ്ഞിന്റെ ടിക് ടോക് വീഡിയോ ആണ്. അതാണ് എറണാകുളം ഇരുമ്പനം സ്വദേശിയായ എബി ലൂക്കോസ് എന്ന ഡോക്ടര്‍.

വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മാത്രം കണ്ടിട്ടുള്ള ടിക് ടോക് നാലു മാസം മുമ്പാണ് ഡോക്ടര്‍ സ്വയം ചെയ്തു തുടങ്ങുന്നത്. മെഡിക്കല്‍ റെപ്രസെന്റേറ്റീവായ സഫല്‍ ആണ് ഡോക്ടര്‍ക്ക് ടിക് ടോക് പരിചയപ്പെടുന്നത്. ആദ്യമാദ്യം കാഴ്ചക്കാരനായിരുന്നെങ്കിലും പതുക്കെ വീഡിയോ ചെയ്തു തുടങ്ങുകയായിരുന്നു. ഡോക്ടറുടെ വേഷത്തില്‍ ചെയ്ത വീഡിയോ ആണ് ആദ്യമായി ആളുകളിലേക്കെത്തുന്നത്. ഒരു നേരംപോക്കിന് ചെയ്തതാണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ വീഡിയോ വൈറലാകുകയായിരുന്നു. വിദേശത്തുള്ളവര്‍ പോലും അതിനെപ്പറ്റി അഭിപ്രായം പറയുകയും, ഇന്‍സ്റ്റാഗ്രാമിലൂടെയും യൂടൂബിലൂടേയും ചിന്തിക്കുന്നതിലും അപ്പുറം സ്വീകാര്യത അതിനു ലഭിക്കുകയുമുണ്ടായി. ഇന്ന് ഡോക്ടറുടെ വിശ്രമവേളകളെ ആനന്ദകരമാക്കുന്നത് ടിക് ടോകാണ്.

വളരെ തിരക്കുള്ളവരും ഗൗരവക്കാരുമാണ് ഡോക്ടര്‍മാര്‍ എന്നാണ് പൊതുബോധം. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ആ പൊതുബോധത്തെ ഉടച്ചു വാര്‍ക്കുകയാണ് നമ്മുടെ ടിക് ടോക് ഡോക്ടര്‍. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ജോലി വിട്ട് ഡോക്ടര്‍ ഇപ്പോള്‍ വീടിനോടു ചേര്‍ന്ന് ഒരു ചെറിയ ക്ലിനിക്കിലാണ്. പലപ്പോഴും ക്ലിനിക്ക് തന്നെയാണ് ഡോക്ടറുടെ ടിക് ടോക് വേദി.  പരിമിതമായ സൗകര്യമാത്രം ഉള്ള വേദി ആണെങ്കിലും ഡോക്ടര്‍ക്ക് ആരാധകര്‍ എറെയാണ്.

പാട്ടു പാടാനും, നൃത്തം ചെയ്യാനും, അഭിനയിക്കാനും കഴിവുള്ള നിരവധി പേരാണ് നമുക്കിടയില്‍ ഉള്ളത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ കഴിവുകള്‍ പുറത്തു പ്രകടിപ്പിക്കാന്‍ കഴിയാത്തവരാണ് പലരും. അവര്‍ക്കുള്ള വേദിയായി മാറുകയാണ് ടിക് ടോക് എന്നാണ് ഡോക്ടറുടെ അഭിപ്രായം. സഭാകമ്പവും, അല്പം അത്മവിശ്വാസകുറവ് ഉള്ളവര്‍ക്കും പറ്റിയ ഒരു ആപ്പാണ് ടിക് ടോക് . തങ്ങളുടെ പ്രകടനങ്ങള്‍ മറ്റാരും നേരിട്ട് കാണുന്നില്ല എന്നത് അവര്‍ക്ക് ധൈര്യസമേതം അവതരിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല ടിക് ടോക് വീഡിയോകളോടുള്ള നല്ല പ്രതികരണങ്ങള്‍ കലാകാരന്‍മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പുക്കുന്നതായും ഡോക്ടര്‍ എബി ലുക്കോസ് അവകാശപ്പെടുന്നു. ടിക് ടോക് ഒരു സ്‌ട്രെസ് റീലിവര്‍ കൂടിയാണ് എന്ന് ഡോക്ടര്‍ അനുഭവസാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും ക്ലിനിക്കിലെ ജോലിതിരക്കുകള്‍ക്കിടയില്‍ സമര്‍ദ്ദത്തെ അതീജീവിക്കാന്‍ ടിക്ടോക് സഹായിക്കുന്നുണ്ട്.

എന്നാല്‍ അത്ര നിസ്സാരമായല്ല ഡോക്ടര്‍ ടിക് ടോക് വീഡിയോകള്‍ ചെയ്യുന്നത് എന്ന് ഡോക്ടറുടെ തന്നെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

‘എല്ലാ കാര്യത്തിലും ഒരു ആത്മാര്‍ത്ഥമായ സീരിയസ് അപ്രോച്ച് വേണം എന്നതാണ് എന്റെ രീതി അത് രോഗിയെ പരിശോധിക്കുന്നതായാലും ടിക് ടോക് ചെയ്യുന്നതായാലും’

‘പലരും ചെയ്തു വച്ചിരിക്കുന്നത് അതേപടി ചെയ്യാതെ വ്യത്യസ്തത കൊണ്ടു വരാന്‍ ശ്രമിക്കാറുണ്ട് . അതായിരിക്കാം സ്‌കൂള്‍ കുട്ടിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടത്.’

15 സെക്കന്റ് മാത്രമുള്ള ഒരു വീഡിയോ ചെയ്യുന്നതിന് പല പ്രാവശ്യം റിഹേഴ്‌സലുകള്‍ ചെയ്യേണ്ടതുണ്ട്. ശബ്ദത്തിനനുസരിച്ച് ചുണ്ടുകള്‍ അനക്കുകയെന്നതാണ് ആദ്യത്തെ പ്രതിബന്ധം. ശേഷം അഭിനയവും ടൈമിങ്ങും കൃത്യമാകണം. ഇങ്ങനെ പലതവണ പഠിച്ച് പല ടേക്കുകളിലൂടെയാണ് ഒരു ടിക് ടോക് വീഡിയോ പൂര്‍ത്തിയാകുന്നത്. ഇങ്ങനെ തയ്യാറാകുന്ന വീഡിയോകള്‍ ആദ്യം എറ്റവും അടുത്ത സുഹൃത്തുകള്‍ക്ക് അയച്ചു കൊടുക്കും അവര്‍ പോസ്റ്റിക്കോ’, എന്ന് പറഞ്ഞാല്‍ ധൈര്യമായി ടിക് ടോകില്‍ പ്രസിദ്ധികരിക്കുന്നു. ഡോക്ടര്‍ ചിരിച്ചുകൊണ്ട് വിശദീകരിക്കുന്നു.

84 വയസ്സുള്ള അമ്മയുമായി ചെയ്ത ഒരു ടിക് ടോകും ഏറെ പ്രചാരം നേടിയിരുന്നു അത് ഒരു വ്യത്യസ്ത അനുഭവമാണ് എന്ന് ഡോക്ടര്‍ പറയുന്നു.

എല്ലാ അമ്മമാരേയും പോലെ എന്റെ അമ്മയും പാവമൊരു അമ്മയാണ്, ചെറുപ്പം മുതലേ എന്റെ കലാപ്രകടനങ്ങളിലും മറ്റും പ്രോത്സാഹനമായിരുന്നു അമ്മ. എന്നാല്‍ ഇപ്പോള്‍ വാര്‍ദ്ധ്യക സഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം എന്നെ അത്ര ശ്രദ്ധിക്കാറില്ല എന്നാല്‍ ടിക് ടോകില്‍ അമ്മ കൃത്യമായി ചുണ്ടുകള്‍ അനക്കി അഭിനയിച്ചു’

ഗൗരവകരമായ പലതും അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും. കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടമുള്ളത് തമാശ കലര്‍ന്ന വീഡിയോകള്‍ ആണെന്നതിനാല്‍ അത്തരം വീഡിയോകളോടാണ് കൂടുതല്‍ ചെയ്യുന്നത് . എറെ ബുദ്ധിമുട്ടി ചെയ്യുന്ന വീഡിയോ എറെ പ്രശംസിക്കപ്പെടുന്നതും വീണ്ടും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. ഒരു തരത്തില്‍ ഇത് അത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത ഒരു ലഹരിയായി മാറുന്നു എന്നാണ് ഡോക്ടര്‍ പറയുന്നത്.

പുറത്തേക്കിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്നത് ഡോക്ടര്‍ക്കു പലപ്പോഴും അവിശ്വസനീയമാണ്. പലപ്പോഴും ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ആളുകള്‍ സമീപിക്കാറുണ്ട്, ഈ വിവരം സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറയുമ്പോള്‍ “ടിക് ടോകിന് ഇത്രമാത്രം പ്രശസ്തിയോ ?” എന്ന് അകാംഷാഭരിതരാകുന്നവര്‍ക്ക് ഒരു ചെറുപുഞ്ചിരി മാത്രമാണ് എബി ഡോക്ടറുടെ മറുപടി. എന്നാല്‍ താന്‍ ഒരു ടിക്ടോക് താരമാണ് എന്ന് പറയുന്നതിനോട് ഡോക്ടര്‍ യോജിക്കുന്നില്ല. തന്നെക്കാള്‍ വളരെയധികം ബുദ്ധിമുട്ടി വീഡിയോ ഉണ്ടാക്കുന്നവരുണ്ട് എന്നാണ് ഡോക്ടറുടെ മറുപടി.

ഒരു ഡോക്ടര്‍ ടിക് ടോക് ചെയ്യുന്നു എന്നത് യഥാര്‍ത്ഥത്തില്‍ ഒരു വലിയ സംഭവമൊന്നുമല്ല. ഡോക്ടറും എല്ലാവരേയും പോലെ സാധാരണക്കാരനായ ഒരു വ്യക്തിയാണ്. എല്ലാവരേയും പോലെ ഇഷ്ടം തോന്നിയ കാര്യം ചെയ്യുന്നു എന്നു മാത്രം’,

ഒരു ഡോക്ടര്‍ ഇപ്രകാരം ചെയ്യാമോ എന്ന് ചോദിച്ചാല്‍ ഇതാണ് ഡോക്ടറുടെ മറുപടി.

രോഗികള്‍ക്ക് പൊതുവെ എബി ഡോക്ടറിന്റെ വീഡിയോകളോട് അനുകൂല സമീപനമാണ്. യഥാര്‍ത്ഥത്തില്‍ ആളുകളുടെ യാഥാസ്ഥിതിക മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു ഡോക്ടര്‍ ടിക് ടോക് ചെയ്യുന്നത് നല്ലതാണല്ലോ എന്ന രീതിയിലുള്ള അഭിപ്രായങ്ങളാണ് കൂടുതല്‍ കേട്ടിട്ടുള്ളതും. പ്രത്യക്ഷത്തില്‍ ആരും മോശം പറയാത്തതു കൊണ്ട് അതിനെ ശ്രദ്ധിക്കാറില്ല. ഇനി ആരെങ്കിലും മോശം രീതിയില്‍ പറയുകയാണെങ്കില്‍ അതിനെ സ്വീകരിക്കേതില്ലെന്നും ഡോക്ടര്‍ പറഞ്ഞു വയ്ക്കുന്നു.

അഭിനയ മോഹമാണ് പലരേയും ടിക് ടോകിലെത്തിക്കുന്നത് എങ്കിലും ഡോക്ടര്‍ക്ക് കേവലം നേരം പോക്ക് മാത്രമായാണ് ടിക്ടോക് ആരംഭിക്കുന്നത്. എന്നാല്‍ ഒരു അവസരം കിട്ടിയാല്‍ സിനിമയിലും ഒരു കൈ നോക്കാന്‍ തന്നെയാണ് ഡോക്ടറുടെ തീരുമാനം.

‘സിനിമയില്‍ അഭിനയിക്കണോ എന്ന് ചോദിച്ചാല്‍ വേണ്ട എന്ന് പറയാത്തവരുണ്ടോ. എന്നു വെച്ച് ഞാന്‍ ഒരു അഭിനേതാവാണെന്ന് പറഞ്ഞാല്‍ എനിക്ക് നാണം വരും’ ഡോക്ടര്‍ പുഞ്ചിരിക്കുന്നു.

വൈദ്യശാസ്ത്രത്തിലും, ടികും ടോകിലും മാത്രമല്ല എഴുത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്  ഡോക്ടര്‍  എബി  ലൂക്കോസ്.  ഫേസ് ബുക്കില്‍ എഴുത്തകം  എന്ന  ഗ്രൂപ്പില്‍  സ്ഥിരമായി എഴുതുന്ന ആളാണ് ഡോക്ടര്‍. അതോടൊപ്പം  ‘ജീവനുള്ള ഭിത്തി’  എന്ന  പേരില്‍ ഒരു  പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു.

ക്ലിനിക്കിൽ വരുന്ന രോഗികളോട് ‘ഇരിക്കു ഡോക്ടര്‍ ടിക് ടോകിലാണ്’ എന്ന വാചകം എഴുതിവെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഗ്രാമ വാസികളും സുഹൃത്തുക്കളും കൂടിയായ ഡോക്ടറിന്റെ രോഗികള്‍. എന്നാല്‍ ഇരുമ്പനത്തെ ക്ലീനിക്കില്‍ ഇരുന്ന് ഡോ. എബി ലൂക്കോസ് ശരീരത്തിന് ആശ്വാസമായി മരുന്നും മനസ്സിന് ആശ്വാസമായി ടിക് ടോക് വീഡിയോയും നിര്‍ദേശിക്കുന്ന തിരക്കിലാണ്.