കർണിസേന രംഗത്ത്; ‘ആർട്ടിക്കിൾ 15’ റിലീസ് തടയാൻ ശ്രമം

ആയുഷ്മാൻ ഖുറാന നായകനാവുന്ന ‘ആർട്ടിക്കിൾ 15’നെതിരെ കർണിസേനയും അന്താരാഷ്ട്ര ബ്രാഹ്മിൺ മഹാസംഘവും രംഗത്ത്. ‘ആർട്ടിക്കിൾ 15’ൽ ബ്രാഹ്മണരെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ഇരുകൂട്ടരുടെയും ആരോപണം. അനുഭവ് സിൻഹ സംവിധാനം ചെയ്ത ‘ആർട്ടിക്കിൾ 15’ നെതിരെ ഇന്നലെയാണ് കർണിസേനയും ബ്രാഹ്മിൺ മഹാസംഘവും രംഗത്തെത്തിയത്.

രണ്ട് മത സംഘടനകളും ചിത്രത്തിനെതിരെ ഇന്ന് മുംബൈയിൽ പ്രതിഷേധ പ്രകടനം നടത്തി. മുൻപ് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പദ്മാവത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടും കർണിസേന രംഗത്തു വന്നിരുന്നു. “യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ചിത്രമെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ബധൂൺ ബലാത്സംഗകേസിനോട് സാമ്യമുണ്ട്, ബ്രാഹ്മണർ അതിലൊന്നും ചെയ്തിട്ടില്ല. ബലാത്സംഗികളോ ഇരകളോ ഈ സമുദായത്തിൽ പെട്ടവരല്ല. അവർ യാദവരായിരുന്നു, അവർ വിദൂരമായി പോലും ബ്രാഹ്മണസമുദായത്തിൽ പെട്ടവരല്ല. അവർ ഒബിസി വിഭാഗക്കാരാണ്, പിന്നെ എന്തിനാണ് ഞങ്ങളുടെ പേരു ഉപയോഗിക്കുന്നത്,” അന്താരാഷ്ട്ര ബ്രാഹ്മിൺ മഹാസംഘ് പ്രതിനിധി പണ്ഡിത് പങ്കജ് ജോഷി ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പ്രതികരിച്ചു.

“അതുകൊണ്ട് ഞങ്ങൾ ഔദ്യോഗികമായ ഒരു കത്ത് സംവിധായകൻ അനുഭവ് സിൻഹയ്ക്ക് അയച്ചിരുന്നു. പതിനഞ്ചു ദിവസം മുൻപ് അയച്ച ആ കത്തിനോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.” അനുഭവ് സിൻഹ കൂട്ടിച്ചേർക്കുന്നു. “ഞങ്ങൾ എല്ലാ സമുദായത്തിനും ഒപ്പം നിൽക്കുന്നവരാണ്. ഒരു സമുദായത്തിനും ഉപദ്രവങ്ങൾ ഉണ്ടാവരുത് എന്ന് ഉറപ്പിക്കാനാണ് ഞങ്ങൾ നിലകൊള്ളുന്നത്. ഇത്തവണ ബ്രാഹ്മണർക്ക് ഞങ്ങളുടെ ആവശ്യമുണ്ട്. അതുകൊണ്ട് ഞങ്ങളവരെ സഹായിക്കുന്നു. യഥാർത്ഥ കേസിൽ ഒരു തരത്തിലും ബ്രാഹ്മണർ ഉൾപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ, സിനിമയെന്തിനാണ് അതങ്ങനെ ചിത്രീകിക്കുന്നത്? ബ്രാഹ്മണ സമൂഹത്തെ കളങ്കപ്പെടുത്താൻ മാത്രമാണ് ഈ സിനിമ ശ്രമിക്കുന്നത്. ബ്രാഹ്മണരെ മോശക്കാരായി ചിത്രീകരിക്കുകയാണ്,” എന്നാണ് ഈ വിഷയത്തിൽ കർണി സേന പ്രതിനിധി ജിവൻ സിംഗ് സൊളാകിയുടെ പ്രതികരണം.

ജൂൺ 28 നാണ് ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. റിലീസിന് മൂന്നു ദിവസം കൂടി ബാക്കി നിൽക്കെ, ഉണ്ടായ ഈ സംഭവവികാസങ്ങൾ ചിത്രത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ.