പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെ പ്രാഥമികമായി തെളിവുകള്‍ ഇല്ലെന്ന നിഗമനത്തില്‍ അന്വേഷണസംഘം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യും. പ്രവാസി വ്യവസായി സാജന്‍റെ ഡയറി ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു.
കൺവെൻഷൻ സെന്‍റര്‍ അനുമതിയിലുണ്ടായ തടസങ്ങൾ ഡയറിയില്‍ പരമാര്‍ശിക്കുന്നതിനാല്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നായിരുന്നു അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ പി കെ ശ്യാമളയിലേക്ക് നേരിട്ട് വിരല്‍ ചൂണ്ടുന്ന പേരുകളോ പരാമര്‍ശങ്ങളോ ഇല്ല.
തന്നെ സഹായിച്ചവരെന്ന പേരില്‍ പി ജയരാജന്‍, സിപിഎം നേതാവ് അശോകന്‍, ജെയിംസ് മാത്യു എംഎല്‍എ, പി ജയരാജന്‍, കെ സുധാകരന്‍ എന്നിവരുടെ പേരുകള്‍ സാജന്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്.വികസനവിരോധി എന്ന പരാമര്‍ശം ഡയറിയിലുണ്ടെങ്കിലും അതാരെക്കുറിച്ചാണെന്ന് സാജന്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടില്ല. ഡയറിക്കുറിപ്പിനൊപ്പം ഇന്നലെ നഗരസഭാ ഓഫീസിലും പരിശോധന നടത്തിയ അന്വേഷണ സംഘത്തിന് പി.കെ ശ്യാമളക്കെതിരായ തെളിവുകൾ ലഭിച്ചിട്ടില്ല.
അതേസമയം ശ്യാമളക്കെതിരെ സാജന്‍റെ കുടുംബം ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. ശ്യാമളയുടെ നിര്‍ദ്ദേശ പ്രകാരം തന്നെയാണ് എല്ലാം നടന്നതെന്നായിരുന്നു സാജന്‍റെ ഭാര്യ ബീന ഇന്നലെ ആരോപിച്ചത്. ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന നിലപാടിലാണ് കുടുംബം. 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്.
നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.