സംസ്ഥാനത്തെ ഡാമുകളില്‍ ഉള്ളത് ഒന്നര ആഴ്ചത്തേക്ക് കൂടിയുള്ള വെള്ളം മാത്രം. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. മഴ വലിയ തോതില്‍ കുറഞ്ഞതാണ് ജലക്ഷാമം ഉണ്ടാകാന്‍ കാരണമായിരിക്കുന്നത്. ഇനിയും മഴ ലഭിക്കാതെ വന്നാല്‍ നിയന്ത്രണം വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. സാധാരണ നിലയില്‍ ലഭിക്കേണ്ട മണ്‍സൂണ്‍ മഴ കേരളത്തില്‍ ഇതുവരെ ലഭിച്ചിട്ടില്ല. കേരളം കടുത്ത ജലക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.
ഡാമുകളില്‍ വെള്ളം കുറയുന്നതും മഴ ലഭിക്കാതിരിക്കുന്നതും വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കും. വൈദ്യുതി ഉത്പാദനം വലിയ തോതില്‍ കുറയാനാണ് സാധ്യത. അങ്ങനെ വന്നാല്‍ വൈദ്യുതി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടി വരും. രാജ്യത്ത് മണ്‍സൂണ്‍ സാധാരണ രീതിയില്‍ ലഭിക്കാത്തതാണ് ജലക്ഷാമത്തിന് കാരണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മണ്‍സൂണ്‍ മഴയില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ മണ്‍സൂണ്‍ മഴ സാധാരണ നിലയില്‍ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത്തവണ 33 ശതമാനം മഴയാണ് രാജ്യത്ത് കുറഞ്ഞത്. പലയിടത്തും രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം കേരളം മഹാപ്രളയം നേരിട്ടപ്പോള്‍ സംസ്ഥാനത്തെ മിക്ക ഡാമുകളും നിറഞ്ഞുകവിഞ്ഞിരുന്നു. ജലസംഭരണികളിലെല്ലാം നിറഞ്ഞുകവിഞ്ഞതോടെ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കി കളയേണ്ട അവസ്ഥ വന്നു.