ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണത്തെ തള്ളി ടിക് ടോക് രംഗത്ത്. ഓരോ രാജ്യത്തേയും നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തികളുടെ സ്വകാര്യതയ്ക്കും സുരക്ഷക്കും വേണ്ടതെല്ലാം കമ്പനി ഉറപ്പു വരുത്തുന്നുണ്ടെന്നും കമ്പനി ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ ശശി തരൂര്‍ ടിക് ടോകിനെതിരെ മുന്നോട്ടു വന്നിരുന്നു. ആപ്പ് നിയമവിരുദ്ധമായി ചൈനക്കു വേണ്ടി ടെലികോം വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇതിനെതിരെ അടിയന്തിര നടപടി വേണമെന്നുമായിരുന്നു ശശി തരൂര്‍ ലോക്‌സഭയില്‍ പറഞ്ഞത്. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന് കമ്പനിക്ക് യുഎസ് 57 ലക്ഷം ഡോളര്‍ പിഴ വിധിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോളമാണ് ടിക് ടോകിന്റെ വിശദീകരണം.
എന്നാല്‍ ചൈന ടെലികോമിന് ടിക് ടോക് സ്ഥാപനത്തില്‍ പങ്കാളിത്തമില്ലെന്നും ഇന്ത്യലുള്ള ഉപയോക്താക്കളുടെ വിവരങ്ങള്‍ യുഎസിലും സിംഗപ്പൂരിലുമാണ് സൂക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ഇതിനിടയില്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നത് തടയുന്നതിന് സമൂഹമാധ്യമങ്ങള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ വിക്കിപ്പീഡിയ സഹസ്ഥാപകന്‍ ഡോ. ലാറി സാന്‍ജന്‍ ആഹ്വാനം ചെയ്തു.