മത്സരയോട്ടത്തിനിടെ ബസ്സില്‍ നിന്ന് തെറിച്ച് വീണ വയോധികന്‍ ഗുരുതരാവസ്ഥയില്‍

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ സീറ്റില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ വയോധികന്റെ നില ഗുരുതരം. സംഭവത്തില്‍ നാലുദിവസമായിട്ടും ഹാജരാക്കാതിരുന്ന ബസ് ഒടുവില്‍ പൊലീസ് പിടിച്ചെടുത്തു. നാല് ദിവസം മുമ്പായിരുന്നു അപകടം. കായംകുളം – അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു നൂറനാട് എരുമക്കുഴി സ്വദേശി ശിവശങ്കരക്കുറുപ്പ് (75)നാണ് ഗുരുതരമായി പരിക്കേറ്റത്.

നൂറനാട് പത്താംമൈല്‍ ജംഗ്ഷനില്‍ നിന്ന് ചാരുംമൂടേക്ക് പോകാനാണ് ഇദ്ദേഹം ബസില്‍ കയറിയത്. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ അമിത വേഗത്തില്‍ പാഞ്ഞതാണ് അപകടത്തിനു കാരണം. പിറകിലെ സീറ്റിലാണ് ശിവശങ്കരക്കുറുപ്പ് ഇരുന്നത്. പറയംകുളത്തിന് സമീപത്ത് വച്ച് അമിത വേഗത്തില്‍ ഹമ്പ് കടന്നപ്പോള്‍ ശിവശങ്കരക്കുറുപ്പ് സീറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി ബസിന്റെ പ്ലാറ്റ്‌ഫോമില്‍ വീഴുകയായിരുന്നു.

വീഴ്ചയില്‍ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റു.ഉടന്‍ തന്നെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇതിനിടെ പക്ഷാഘാതവും ഹൃദയാഘാതവും കൂടി വന്നതോടെ ആരോഗ്യനില കൂടുതല്‍ വഷളായി. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ബസ് ഹാജരാക്കാന്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഉടമ ഹാജരായിട്ടുണ്ടായിരുന്നില്ല തുടര്‍ന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.