ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഒരു മന്ത്രിയുടെ കൂടെ രാജി. സ്വതന്ത്ര എംഎല്‍എയും മന്ത്രിയുമായ എച്ച് നാഗേഷാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഒരു മാസം മുമ്പാണ് നാഗേഷ് മന്ത്രിസഭയുടെ ഭാഗമായത്. മുള്‍ബാഗലില്‍ നിന്നുള്ള എംഎല്‍എയാണ് ഇയാള്‍ .ഇതോടെ 14 എംഎല്‍എമാരുടെ പിന്തുണയാണ് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനു നഷ്ടപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ രൂപീകരണ സമയത്ത് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ താന്‍ ബിജെപിക്കൊപ്പമാണെന്ന് കാട്ടി നാഗേഷ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് ജെഡിഎസ് ഇദ്ദേഹത്തെ അനുനയിപ്പിച്ച് ഒപ്പം കൂട്ടിയതും മന്ത്രിസ്ഥാനം നല്കിയതും. രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാന്‍ എന്തു വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മന്ത്രിസഭ പുനസംഘടനയ്ക്ക് പോലും തയ്യാറാണെന്നാണ് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര അറിയിച്ചിരിക്കുന്നത്.
ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി മുഖ്യമന്ത്രി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. രഹസ്യകേന്ദ്രത്തില്വച്ചായിരുന്നു കൂടിക്കാഴ്ച. രാജിതീരുമാനത്തില്‍നിന്നു പിന്മാറണമെന്നു കുമാരസ്വാമി ആവശ്യപ്പെട്ടെന്നും മന്ത്രിസ്ഥാനം ഉറപ്പുനല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗം പരമേശ്വരയുടെ വീട്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടേക്ക് കുമാരസ്വാമിയും എത്തിയിട്ടുണ്ട്.
അതേസമയം, വിമത എംഎല്‍എമാരുടെ യോഗം മുംബൈയില്‍ പുരോഗമിക്കുകയാണ്.നിലവില്‍ ബിജെപിക്ക് 106, കോണ്‍ഗ്രസിനും ജെഡിഎസിനും കൂടി 105 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. സ്പീക്കറെ കൂടി ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങളുള്ളത്.