കൊച്ചി: കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ എംപി ജോയ്സ് ജോര്‍ജിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് കോടതി തള്ളി. തൊടുപുഴ സെഷന്‍സ് കോടതിയാണ് മൂന്നാര്‍ ഡിവൈഎസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്.
ഭൂമി തട്ടിപ്പുകേസില്‍ ജോയ്സ് ജോര്‍ജിനും കുടുംബത്തിനുമെതിരെ തെളിവില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിച്ചുവെന്നും കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു . ഇതു തള്ളിയ കോടതി വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇടുക്കി കൊട്ടക്കമ്പൂരില്‍ ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി ജോയ്സ് ജോര്‍ജ് എംപിയും ബന്ധുക്കളും തട്ടിയെടുത്തുവെന്നാണ് കേസ് .
രേഖകള്‍ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു ഭൂമിയുടെ പട്ടയം മുമ്പ് ഒരു വര്‍ഷത്തേക്ക് മുന്‍ സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ജോയ്സ് ജോര്‍ജ് ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും സബ് കളക്ടറുടെ നടപടി റദ്ദാക്കാതെ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.