ഇടുക്കി: രാജ്കുമാറിന്റെ കസ്റ്റഡി മരണ കേസില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്. മര്‍ദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, ഒമ്പതോളം പൊലീസുകാര്‍ രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതില്‍ എസ്ഐ അടക്കം നാല് പേര് അറസ്റ്റിലായി.
മര്‍ദ്ദിച്ച ബാക്കിയുള്ളവരെ കൂടെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സ്റ്റേഷന് റെക്കോര്‍ഡുകളില്‍ തിരിമറി നടത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്യും. എസ്ഐ സാബുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ഇന്ന് പീരുമേട് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ ചോദ്യം ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കസ്റ്റഡിക്കൊലയില്‍ പ്രതിഷേധിച്ച് സിപിഐ ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. എസ്പിക്കെതിരായ നടപടി കുറഞ്ഞുപോയെന്നാണ് സിപിഐയുടെ പ്രധാന വിമര്‍ശനം. സിപിഐ നേരിട്ട് സമരത്തിനിറങ്ങുന്നത് സര്‍ക്കാരിനും തിരിച്ചടിയാവും. കേസിലെ നാലാം പ്രതി സിപിഒ സജീവ് ആന്റണിയുടെ ജാമ്യാപേക്ഷ ഇന്ന് തൊടുപുഴ കോടതിയില്‍ പരിഗണിക്കും. ദേശീയ ന്യൂനപക്ഷ കമ്മീഷന് അംഗം ജോര്‍ജ് കുര്യന് രാവിലെ 11 മണിയോടെ രാജ് കുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നുമുണ്ട്.