പാലാരിവട്ടം മേല്‍പ്പാലം; പ്രതിപ്പട്ടിക വിപുലപ്പെടുത്തുവാന്‍ സാധ്യത

 

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേടില്‍ പ്രതിപ്പട്ടിക വിപുലപ്പെടുത്തിയക്കുമെന്ന് സൂചന. മേല്‍പ്പാലത്തില്‍ വിജിലന്‍സ് സംഘം നടത്തുന്ന രണ്ടാം ഘട്ട സാമ്പിള്‍ പരിശോധനക്ക് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. പാലത്തില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഐജി എച്ച് വെങ്കടേഷ് വ്യക്തമാക്കി.

ആദ്യഘട്ട സാമ്പിള്‍ പരിശോധനയ്ക്ക് ശേഷമാണ് ആര്‍ഡിഎസ് നിര്‍മ്മാണ കമ്പനി ഉടമ സുമിത് ഗോയല്‍ ഉള്‍പ്പടെ 17 പേരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാലം ക്രമക്കേടില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും,കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് രണ്ടാം ഘട്ട സാമ്പിള്‍ പരിശോധന വിജിലന്‍സ് നടത്തിയത്.

ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്സിലെ വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ പാലം പരിശോധിച്ച ശേഷം നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഈ പരിശോധനഫലം ലഭിച്ചതിന് ശേഷം ക്രമക്കേടില്‍ കൂടുതല്‍ പേരുടെ പങ്ക് കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

സാമ്പിളുകള്‍ കോടതി മുഖേന പരിശോധനകള്‍ക്ക് അയക്കും.പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന. വിവിധ ഓഫീസുകളില്‍ നിന്നായി രേഖകള്‍ ശേഖരിക്കുന്നത് തുടരുകയാണ്. ഇത് വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യല്‍ ഘട്ടത്തിലേക്ക് കടക്കുക.