തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുന്നതിനും പ്രത്യേക പ്രതിനിധിയെ നിയമിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹി കേരളാ ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ലക്ഷ്യം വയ്ക്കുന്നതിന് വേണ്ട പ്രതിനിധിയുടെ രാഷ്ട്രീയ നിയമനം ആയിരിക്കുമെന്നാണ് സൂചന. ഇതിലേക്കായി സിപിഎം മുന്‍ എംപിമാരായ കെഎന്‍ ബാലഗോപാല്‍, എ സമ്പത്ത് എന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാവും. ഉദ്യോഗസ്ഥ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ പോരായ്മകള്‍ ദേശീയ വികസനം ഉള്‍പ്പടെയുള്ള വൈകുന്നതിന് കാരണമാകുന്നു എന്ന സര്‍ക്കാര്‍ വിലയിരുത്തലില്‍ ഇതുമായി ബന്ധപ്പെട്ട നയങ്ങളെക്കുറിച്ച് കൃത്യത ഉള്ള ഒരാളെ പ്രതിനിധിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് നിഗമനം.
അതോടെ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രാലയങ്ങളും തമ്മിലുള്ള പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുകയും വീഴ്ചകള്‍ പരിഹരിച്ച് രാഷ്ട്രീയമായി ഇടപെടല്‍ നടത്താനും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും പുതിയ നീക്കം വഴി സാധിക്കുമെന്നും വിലയിരുത്തുന്നു.