മുംബൈയിലെ ഹോട്ടലിനു മുന്നില്‍ നിരോധനാജ്ഞ

 

മുംബൈ: മുംബൈയില്‍ വിമത എംഎല്‍എമാര്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 12 വരെ നിരോധനാജ്ഞ നിലനില്‍ക്കും. പ്രദേശത്തെ ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പൊലീസ് കമീഷണര്‍ അറിയിച്ചു.അതേസമയം വിമതരെ കാണാന്‍ ഹോട്ടലില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ശിവകുമാര്‍ മടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് സിറ്റി പൊലീസിന്റെ തീരുമാനം.

വിമതരെ കാണാന്‍ മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ എത്തിയ ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു. ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇവരില്‍ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ശിവകുമാറിനെ തടഞ്ഞത്.

എന്നാല്‍ എംഎല്‍എമാരെ കാണാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് ശിവകുമാര്‍. എംഎല്‍എമാരെ കാണാനുള്ള ശ്രമവുമായി ഹോട്ടലിന് മുമ്പില്‍ തന്നെ തുടരുമെന്നാണ് ശിവകുമാര്‍ വ്യക്തമാക്കിയത്. താന്‍ മുറി ബുക്ക് ചെയ്തിട്ടുണ്ട്. തന്നെ തടയാന്‍ പൊലീസിന് ആവില്ലെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതേസമയം ശിവകുമാറിന്റെ ഹോട്ടലിലെ ബുക്കിംഗ് ഹോട്ടല്‍ അധികൃതര്‍ റദ്ദാക്കി. അടിയന്തരസാഹചര്യത്തെ തുടര്‍ന്ന് ബുക്കിംഗ് റദ്ദാക്കുകയായിരുന്നെന്നായിരുന്നു ഹോട്ടല്‍ അധികൃതരുടെ വിശദീകരണം.