വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് പരിക്ക്

ഹോനോലുലു: വാന്‍കോവറില്‍ നിന്ന് സിഡ്‌നിയിലേക്ക് പോവുകയായിരുന്ന എയര്‍കാനഡ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒന്‍പത് പേരുടെ പരിക്ക് ഗുരുതരമാണ്. 36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് ബോയിങ് 777-220 വിമാനം ആകാശച്ചുഴിയില്‍ പെടുന്നത്. 269 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതോടെ വലിയ കുലുക്കം ഉണ്ടായെന്നും യാത്രക്കാര്‍ സീറ്റില്‍ നിന്ന് ഉയര്‍ന്ന് സീലിങ്ങില്‍ ചെന്ന് തലയിടിച്ചുവെന്നും യാത്രക്കാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയത്ത് യാത്രക്കാരില്‍ മിക്കവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. സീലിങ്ങില്‍ തലയിടിച്ചാണ് മിക്കവര്‍ക്കും പരിക്കേറ്റത്. ഉടന്‍ തന്നെ വിമാനം അടിയന്തിരമായി ഹോനോലുലു വിമാനത്താവളത്തിലിറക്കി പരിക്കേറ്റവര്‍ക്കെല്ലാം ചികിത്സ നല്‍കി. യാത്ര തടസപ്പെട്ടവര്‍ക്ക് ബദല്‍ക്രമീകരണവും താമസസൗകര്യവും ഏര്‍പ്പെടുത്തിയതായും എയര്‍കാനഡ അറിയിച്ചു.