ജയിലിലെ ഫോണ്‍ ഉപയോഗം; പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു

തിരുവനന്തപുരം : ജയിലുകളിലെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ നിന്നും ഇതുവരെ 70 ഫോണുകളാണ് പിടികൂടിയത്.

ടിപി കേസിലെ പ്രതികളായ കൊടി സുനി, ഷാഫി അടക്കമുള്ളവര്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുകയും കൊടി സുനി കൊട്ടേഷന്‍ എടുക്കുകയും ചെയ്ത വിവരം പുറത്ത് വന്ന സാഹചര്യത്തിലാണ് ഋഷിരാജ് സിംഗ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തുനല്‍കിയത്.

പിടിച്ചെടുത്ത സിം കാര്‍ഡുകള്‍ ആരുടെ ഉടമസ്ഥതയിലുള്ളതാണ്, ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചിട്ടുണ്ട്, പ്രമാദമായ കേസുകളിലുള്ള ആരെങ്കിലും ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടുണ്ടോ, ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തകയും ക്വട്ടേഷന്‍ എടുക്കുകയും ചെയ്‌തെന്ന വാര്‍ത്ത ശരിയാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ഡിജിപിക്ക് ഋഷിരാജ് സിംഗ് അയച്ച കത്തിലെ ആവശ്യം.