സ്വകാര്യ ഗോശാലയില്‍ പട്ടിണിക്കിട്ട പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുത്തേക്കും

 

തിരുവനന്തപുരം: സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള ഗോശാലയിലെ പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ തയ്യാറായി. ക്ഷേത്ര പരിസരത്തെ സ്വകാര്യ ഗോശാലയിലെ പശുക്കളുടെ ദുരിതജീവിതം വാര്‍ത്തയായതോടെയാണ് പശുക്കളെ ഏറ്റെടുക്കാന്‍ ക്ഷേത്രം തയ്യാറായത്.എന്നാല്‍ ട്രസ്റ്റ് ഔദ്യോഗികമായി ഇക്കാര്യം ക്ഷേത്ര അധികൃതരോട് ആവശ്യപ്പെട്ടിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രം നേരിട്ട് നടത്തുന്ന 11 പശുക്കളുള്ള ഗോശാലയിലേക്കാണ് സ്വകാര്യഗോശാലയില്‍ നിന്നുള്ള പശുക്കളെ കൂടി ഏറ്റെടുക്കുന്നത്.

സ്വകാര്യഗോശാലയിലെ പശുക്കളെ ഏറ്റെടുക്കാന്‍ ക്ഷേത്രം അധികൃതര്‍ തയ്യാറാണെങ്കിലും സ്ഥലസൗകര്യം പരിമിതിയാവും. കൊട്ടാരം വക സ്ഥലം അനുവദിക്കുകയാണെങ്കില്‍ അവിടേക്ക് പശുക്കളെ മാറ്റും.അല്ലെങ്കില്‍ വേറെ സ്ഥലം വാടകക്കെടുക്കാനാണ് പദ്ധതി. 2013ല്‍ സുരേഷ് ഗോപിയെ മാനേജിംഗ് ട്രസ്റ്റിയാക്കി കൊട്ടാരം വക സ്ഥലത്ത് ഈ ഗോശാലയ്ക്ക് താല്‍ക്കാലികമായി തുടങ്ങിയത്. പിന്നീട് ഗോശാല ഇവിടെ നിന്നും മാറ്റാതെ വന്നതോടെയാണ് നാല് വര്‍ഷം മുമ്പ് പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് കോടതിയില്‍ കേസ് നല്‍കി. ഇതോടെയാണ് ഗോശാലയുടെ കാര്യങ്ങളില്‍ ട്രസ്റ്റ് അലംഭാവം കാണിക്കാന്‍ തുടങ്ങിയത്. വരുന്ന ചിങ്ങമാസത്തില്‍ പശുക്കളെ ക്ഷേത്രഗോശാലയിലേക്ക് മാറ്റണമെന്നാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെയാണ് പശുക്കളുടെ ദുരിതാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദാരുണ സംഭവം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗോശാല സന്ദര്‍ശിച്ച് പശുക്കളുടെ പരിചരണത്തിനായുള്ള നിര്‍ദേശങ്ങള്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് നല്‍കി. പശുക്കളുടെ അവസ്ഥ പുറത്ത് വന്നതോടെ പ്രതിരോധത്തിലായ ട്രസ്റ്റ് സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ച് തുടര്‍നടപടിയെടുക്കാമെന്ന നിലപാടിലാണ്.