കോണ്‍ഗ്രസിന്റെ പ്രതിസന്ധിക്ക് പരിഹാരമാകാന്‍ കമല്‍നാഥ്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് നേത്യത്വം ഏര്‍പ്പെടുത്തി. ഞാറാഴ്ച പൂര്‍ണമായും പ്രശ്‌നപരിഹാരത്തിനായി നീക്കിവയ്ക്കാനാണ് കമല്‍നാഥിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനു മുമ്പും കോണ്‍ഗ്രസ് പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ കമല്‍നാഥിന്റെ ഇടപെടല്‍ ഫലം കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഈ അനുഭവ പരിചയം കര്‍ണാടകയിലെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നേത്യത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിയിലെ എഎല്‍എമാരെ നേരിട്ടുകാണാനാണ് കമല്‍നാഥിന്റെ ശ്രമം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എഎല്‍എമാര്‍ കൂറുമാറാതിരിക്കാനുള്ള ദൗത്യവുമായാണ് കമല്‍നാഥ് കര്‍ണാടകയില്‍ എത്തുന്നത്. കുമാരസ്വാമി സര്‍ക്കാര്‍ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സഖ്യം തകരാതെ നോക്കേണ്ട ഉത്തരവാദിത്വവും കമല്‍നാഥിനുണ്ട്. 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും രാജി സമര്‍പ്പിച്ചതിനാല്‍ സര്‍ക്കാറിന് സഭയില്‍ ഇപ്പോള്‍ ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എംഎല്‍എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ എല്ലാവര്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here