ലതേഹാര്‍: പതിനൊന്നും പത്തും വയസ്സുള്ള ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരുടേയും തല മുറിച്ചു മാറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ജാര്‍ഖണ്ഡിസെ ലതേഹാര്‍ ജില്ലയിലാണ് സംഭവം.
കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. കൊല നടത്തിയ 35 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മണ്ണിനടിയില്‍ കുട്ടികളുടെ കാല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപത്തു നടത്തിയ വ്യക്തമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. നരബലിക്കു വേണ്ടി കുട്ടികളെ കൊന്നു എന്നായിരുന്നു സംശയമെങ്കിലും പീഡനശ്രമത്തിനിടെയാണ് പെണ്‍കുട്ടി മരണപ്പെട്ടതെന്ന് വ്യക്തമായി.
പ്രതി നടത്തിയിരുന്ന കടയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്നത്. പിന്നീട് അവിടെ എത്തിയ ആണ്‍കുട്ടിയേയും ഇയാള്‍ കൊല്ലുകയായിരുന്നു. പിന്നീട് മഴു ഉപയോഗിച്ച് ഇരുവരുടേയും തല ഇയാള്‍ മുറിച്ചു മാറ്റി എന്ന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് ഇയാളുടെ വീട്ടില്‍ എത്തുമ്പോള്‍ രക്തം തളം കെട്ടിക്കിടന്നിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പോലീസിന്റെ അന്വേഷണം വഴി തെറ്റിക്കാന്‍ വേണ്ടി വ്യത്യസ്ഥ ഭാഗങ്ങളിലായാണ് ശരീരം മറവു ചെയ്തിരുന്നത്. 2009ല്‍ രണ്ട് ബന്ധുക്കളെ കൊന്ന കേസില്‍ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.