സര്‍വകലാശാല ഉത്തരപേപ്പറുകള്‍ പിടിച്ചെടുത്ത സംഭവം; പോലീസ് നിയമോപദേശം തേടും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത സര്‍വകലാശാല ഉത്തരപേപ്പറുകളുമായി ബന്ധപ്പെട്ട് പോലിസ് തുടര്‍ നടപടികള്‍ക്കായി നിയമോപദേശം തേടും. അതിനു ശേഷമായിരിക്കും ഇതില്‍ ശിവരഞ്ജിത്തിന്റെ പേരില്‍ കേസെടുക്കുന്നത്.

സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളോടൊപ്പം ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഉദ്യോഗസ്ഥന്റെ വ്യാജ സീലും കണ്ടെത്തിയതിനു പിന്നാലെ വ്യാജരേഖ ഉണ്ടാക്കിയതിന് ശിവരഞ്ജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുക്കാനാണ് തീരുമാനിച്ചത്. സര്‍വകലാശാല ആഭ്യന്തര അന്വേഷണത്തിനു നടപടി ആയതോടെ നിയമോപദേശത്തിനു ശേഷമാവും എന്നാണ് പോലീസ് തീരുമാനം.

സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും. സര്‍വകലാശാല പരാതി നല്‍കിയതിന് ശേഷം കേസെടുത്താല്‍ മതിയോ എന്നും നിയോപദേശം തേടും.

എന്നാല്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ കേസ് നടക്കുന്ന സാഹചര്യത്തിലാണ് കേസ് മറ്റൊന്നിലേക്ക് നീങ്ങുന്നത്. മറ്റൊരു എഫ്‌ഐആര്‍ കൂടി റെജിസ്റ്റര്‍ ചെയ്യേണ്ട സാഹര്യമാണ് ഇപ്പോള്‍. ഇതു കൂടി പരിഗണിച്ചാണ് നിയമോപദേശം തേടുന്നത്.