മുംബൈ: മുംബൈയിലെ തണ്ടേല്‍ തെരുവിലെ അബ്ദുള്‍ റഹ്മാന്‍ ഷാ ദര്‍ഗയ്ക്കടുത്ത് നാലു നില കെട്ടിടം തകര്‍ന്നു വീണ് മരണമടഞ്ഞവരുടെ എണ്ണം 14 ആയി. ഇതില്‍ 8 മാസം പ്രായമായ കുഞ്ഞും 4 സ്ത്രീകളും ഉള്‍പ്പെടും. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 8 പേരെ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. ഗുരുതര പരിക്കുകളേറ്റ ഇവര്‍ ജെ ജെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടാതെ, കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അവശിഷ്ടങ്ങല്‍ ക്കിടയില്‍ ജീവനുള്ളവര്‍ ഉണ്ടാവും എന്നുതന്നെയാണ് രക്ഷാപ്രവര്‍ത്തകര്‍ അനുമാനിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11:40നാണ് തണ്ടേല്‍ തെരുവിലെ ‘കേസര്‍ബായ്’ കെട്ടിടം തകര്‍ന്നുവീണത്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തകര്‍ന്നുവീണ കെട്ടിടം ഏകദേശം 100 വര്‍ഷം പഴക്കമുള്ളതാണ്. അതുകൂടാതെ, 2017ല്‍ ഈ കെടിടം കാലിയാക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍, വിവരാന്വേഷകന്‍ ഷക്കീല്‍ അഹമ്മദ് പറയുന്നത് മറ്റൊന്നാണ്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തയ്യാറാക്കിയ ഉപയോഗ യോഗ്യമല്ലാത്ത കെട്ടിടങ്ങളുടെ പട്ടികയില്‍ കേസര്‍ബായ് കെട്ടിടത്തിന്റെ പേരില്ല എന്നദ്ദേഹം തീര്‍ത്തു പറഞ്ഞു.