ആടൈയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തമിഴ് രാഷ്ട്രീയ പ്രവര്‍ത്തക

ചെന്നൈ: അമല പോള്‍ ചിത്രം ആടൈയുടെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക രംഗത്ത്. തമിഴ് രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരിയാണ് ആടൈയ്ക്ക് വിലക്കേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടത്. ചിത്രത്തില്‍ നഗ്ന രംഗങ്ങള്‍ തമിഴ് യുവാക്കളെ സ്വാധീനിക്കുമെന്നും ഇത് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രിയ ആരോപിച്ചു.

ഇതരസംസ്ഥാനത്തുനിന്നും വരുന്ന അമല പോളിന് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നുമാണ് പ്രിയയുടെ ആരോപണം. അമല പോളിന് എതിരെയും ചിത്രത്തിനെതിരെയും പ്രിയ ഡി.ജി.പിക്ക് പരാതി നല്‍കി. തമിഴ് സംസ്‌കാരത്തെപറ്റി യാതൊന്നും അറിയാത്ത നടിയാണ് അമല. അവര്‍ മറ്റൊരു സംസ്ഥാനത്തു നിന്നുമാണ് ഇവിടെ വരുന്നത്. തമിഴ് പെണ്‍കുട്ടികളെപറ്റിയും അവര്‍ക്ക് അറിയില്ല. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യുമെന്നും പ്രിയ ആരോപിച്ചു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരം സിനിമകള്‍ നാടിന് ആവശ്യമില്ല. അതിപ്പോള്‍ എത്ര നല്ല കഥയാണെന്നു പറഞ്ഞാലും. ഇത് തടയാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അമല പോളിനെ നായികയാക്കി രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.അസാധാരണ തിരക്കഥയാണ് ആടൈയുടേതെന്നും മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിലൂടെ കൊണ്ടു വരാനാകുമെന്നു വിശ്വസിക്കുന്നുവെന്നും അമലാപോള്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.