സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി കരുതല്‍ കസ്റ്റഡിയില്‍

ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമിതര്‍ക്കത്തെ തുടുര്‍ന്നാണ്ടയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തു. പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് പ്രിയങ്ക ഗാന്ധിയെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തതെന്നാണ് മിര്‍സാര്‍പൂര്‍ പോലീസ് വ്യക്തമാക്കുന്നത്.

ബുധനാഴ്ച്ച നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വാരണാസിയില്‍ നിന്നും സോന്‍ഭദ്ര ഗ്രാമത്തിലേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ മുക്താര്‍പൂരില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. തനിക്ക് മുന്നോട്ട് പോകണമെന്നും തന്നോടൊപ്പം നാലുപേരുണ്ടാവുമെന്നും പ്രിയങ്ക വ്യക്തമാക്കിയെങ്കിലും ജില്ലാ ഭരണകൂടം ഇവരെ തടയുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡിരികില്‍ ഇരുന്ന് പ്രിയങ്ക ഗാന്ധി പ്രതിഷേധിച്ചു.

ബുധനാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേരാണ് മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഗ്രാമത്തലവനായ ഇ കെ ദത്ത് എന്നയാള്‍ രണ്ട് വര്‍ഷം മുമ്പ് സോന്‍ഭാദ്രയില്‍ 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. എതിര്‍ സ്വരം ഉയര്‍ത്തിയ ഗ്രാമീണര്‍ക്ക് നേരെ ഇകെ ദത്തിന്റെ ആളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.