ബംഗളൂരു: കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഗവര്‍ണര്‍ വാജുഭായ് വാല അനുവദിച്ച സമയം അവസാനിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നു മുമ്പ് വിശ്വാസം തെളിയിക്കണമെന്നായിരുന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് ഗവര്‍ണര്‍ വ്യാഴാഴ്ച രാത്രി കത്ത് നല്കിയിരുന്നു.
എന്നാല്‍ ഗവര്‍ണറുടെ നിര്‍ദേശം തള്ളാന്‍ കോണ്‍ഗ്രസ് വ്യാഴാഴ്ച തന്നെ തീരുമാനിച്ചിരുന്നു. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന നിയമോപദേശത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ നിര്‍ദേശം തള്ളിയത്. തിങ്കളാഴ്ചയ്ക്കു മുന്‍പ് വോട്ടെടുപ്പ് നടത്തേണ്ടെന്നാണു കോണ്‍ഗ്രസിലെ ധാരണ. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംങ്‌വിയാണ് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരാകുന്നത്. ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാനവാദം. അതേസമയം വിമത എംഎല്‍എമാര്‍ക്ക് വേണ്ടി എതിര്‍വാദത്തിന് മുകുള്‍ റോത്തഗിയും രംഗത്തെത്തും. അതിനിടെ കര്‍ണാടകത്തിലെ വിശ്വാസ വോട്ടെടുപ്പില്‍ ഗവര്‍ണര്‍ ഇടപെട്ടെന്ന് ആരോപിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം വച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഗവര്‍ണറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കി. അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയി.
നേരത്തെ, ഗവര്‍ണറുടെ ഇടപടെലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഗവര്‍ണറുടെ ഇടപെടലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെ സഭ ആരംഭിച്ചപ്പോള്‍ തന്നെ സഭയില്‍ വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച മാത്രമാണ് നടക്കുകയെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ്‌കുമാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇതിനെ എതിര്‍ത്ത് ബിജെപി അംഗങ്ങള്‍ രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ നടത്തണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
എന്നാല്‍, 1999ലെ വാജ്‌പേയ് സര്‍ക്കാരിന്റെ വിശ്വാസം തേടലിനെയും വിശ്വാസപ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയേയും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കുമാരസ്വാമി ബിജെപിയുടെ ആവശ്യങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. അന്ന് 10 ദിവസം വരെയാണ് വിശ്വാസ പ്രമേയ ചര്‍ച്ച നടന്നതെന്ന് അദ്ദേഹ ഓര്‍മ്മിപ്പിച്ചു.