സിസേറിയന്‍ ശസ്ത്രക്രിയ ഒഴിവാക്കാന്‍ സ്ത്രീകള്‍ നദീജലം കുടിച്ചാല്‍ മതിയെന്ന് ബിജെപി എംപി

 

ഡെറാഡൂണ്‍:സ്ത്രീകള്‍ക്ക് പ്രസവത്തിനായി സിസേറിയന്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുന്നത് ഒഴിവാക്കാനുായി ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗ നദിയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി അദ്ധ്യക്ഷനും എം.പിയുമായ അജയ് ഭട്ട്. ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഭട്ട് ഈ പ്രസ്താവന നടത്തിയത്. ചുരുക്കം ചിലയാള്‍ക്കാര്‍ക്ക് മാത്രമേ ഗരുഡ് ഗംഗ നദിയിലെ ജലത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിയുള്ളൂ എന്നും, പാമ്പുകടിയേറ്റവരെ രക്ഷിക്കാന്‍ ഈ നദിയിലെ കല്ലുകള്‍ ഉരച്ച് ചേര്‍ത്ത വെള്ളം നല്‍കിയാല്‍ മതിയെന്നും എം പി പറഞ്ഞു.

പ്രസവത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകളും ഈ നദിയിലെ ജലം കുടിക്കുന്നത് അത്യുത്തമമാണെന്നും, നദീജലത്തിന്റെ ഗുണങ്ങള്‍ വിശദീകരിക്കവേ ഭട്ട് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ഒരു കഥയും അജയ് ഭട്ട് ലോക്‌സഭാ എം.പിമാര്‍ക്കായി വിശദീകരിച്ചു. പണ്ട്, ഇവിടെയൊരു വീട്ടില്‍ ഒരു സര്‍പ്പം കയറി ഒളിച്ചിരുന്നുവെന്നും ഭയന്ന് പുറത്തിറങ്ങിയ ഗൃഹനാഥന് ഈ നദീതീരത്തുള്ള ഒരു സന്യാസി നദിയിലെ കല്ല് നല്‍കിയെന്നും ഇതുമായി വീട്ടില്‍ പ്രവേശിക്കാന്‍ പറഞ്ഞുവെന്നും ,ഗൃഹനാഥന്‍ കല്ലുമായി വീട്ടില്‍ കയറിയ ഉടനെ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് ഇറങ്ങിപ്പോയെന്നും ഭട്ട് പറയുന്നു.

സെന്‍ട്രല്‍ കൗണ്‍സില്‍ ഹോമിയോപതി ബില്‍ ഭേദഗതി ചെയ്യുന്ന ചര്‍ച്ചയ്ക്കിടെയാണ് ഭട്ട് ഇക്കാര്യങ്ങള്‍ പറയുന്നത്. ഭട്ടിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി അലോപ്പതി ഡോക്ടര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. അജയ് ഭട്ടിന്റെ ഈ നിര്‍ദ്ദേശം ഒട്ടും ശാസ്ത്രീയമല്ല എന്നാണു അവര്‍ പറയുന്നത്.