സ്വവര്‍ഗരതി കുറ്റകരമല്ലാത്താക്കിയ അഭിഭാഷകര്‍ ഇനി ദമ്പതികള്‍

ഡല്‍ഹി: സ്വവര്‍ഗ രതികാര്‍ക്ക് മൗലികാവകാശം സ്ഥാപിച്ചെടുത്ത അഭിഭാഷകര്‍ ഇനി ദമ്പതികള്‍. സ്വവര്‍ഗ ബന്ധം കുറ്റകരമല്ലെന്ന ചരിത്ര വിധിക്കു വേണ്ടി പോരാടിയ മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവുമാണ് അന്നവര്‍ പോരാടിയത് തങ്ങള്‍ക്കു കൂടെ വേണ്ടിയാണെന്ന് വിവാഹത്തിലൂടെ ലോകത്തെ അറിയിച്ചത്.

സ്വവര്‍ഗ ലൈംഗിക ബന്ധം കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിനെതിരെ പോരാടി വിജയം നേടിയ ഇരുവരും പ്രഗത്ഭ പാരമ്പര്യം ഉള്ളവരാണ്. സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്ന മാര്‍ക്കണ്ഡേയ കട്ജുവിന്റെ സഹോദര പുത്രിയാണ് അരുന്ധതി. മേനകയാവട്ടെ, പ്രശസ്ത രാഷ്ട്രീയ ചിന്തകനും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഉപദേഷ്ടാവുമായിരുന്ന മോഹന്‍ ഗുരുസ്വാമിയുടെ മകളും.
1860ല്‍ ബ്രിട്ടിഷ് ഭരണകാലത്ത് നിലവിലിരുന്ന നിയമത്തിനെതിരെയാണ് ഇരുവരും പോരാട്ടം തുടങ്ങിയത്. തുടര്‍ന്ന് 2018 സെപ്റ്റംബര്‍ ആറിന് ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിച്ചു.

സ്വവര്‍ഗ ബന്ധം കുറ്റകരമല്ലെന്ന 2009ലെ ഡല്‍ഹി ഹൈക്കോടതിയുടെ വിധി 2013ല്‍ സുപ്രീം കോടതി തള്ളിക്കഞ്ഞപ്പോള്‍ ഇരുവരും കളത്തിലിറങ്ങിയതാണ് .കാരണം പ്രാക്ടീസ് ചെയ്യുന്ന കോടതിയില്‍ തങ്ങള്‍ രണ്ടാം തരക്കാരാക്കപ്പെട്ടതായി അവര്‍ക്ക് തോന്നി. കോടതി മുറിയിലിരിക്കുമ്പോഴും തങ്ങള്‍ ക്രിമിനലുകളാണെന്ന തോന്നല്‍ ഒട്ടും സ്വീകാര്യമായി തോന്നിയില്ല. കോടതി വിധിക്കു പിന്നാലെ, ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ 2019ല്‍ ടൈം മാഗസിന്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നു.