ന്യൂഹെവന്‍: ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുടെ ശില്‍പിയും ഇരട്ട ഗോപുരമായ പെട്രോനാസ് ടവറിന്റെ ആര്‍ക്കിടെക്റ്റുമായ സീസന്‍ പെല്ലി വിടവാങ്ങി. വെള്ളിയാഴ്ച ന്യൂ ഹെവനില്‍ വെച്ചായിരുന്നു മരണം. ലോകത്തിലെ തന്നെ പല വന്‍ മന്ദിരങ്ങളുടേയും ശില്‍പിയാണ് സിസന്‍ പെല്ലി. ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍, മലേഷ്യയിലെ കോലാലംപൂരിലെ പെട്രോനാസ് ടവേഴ്‌സ് എന്നിവ അദ്ദേഹത്തിന്റെ നിര്‍മ്മിതികളാണ്.
സ്റ്റീലും വെനീറും ഗ്ലാസും സ്റ്റോണുമൊക്കെ ചേര്‍ന്ന നിര്‍മ്മാണ ശൈലിയോട് കൂടുതല്‍ തല്‍പരനായിരുന്നു പെല്ലി. ആകാശം മുട്ടി നില്‍ക്കുന്ന മന്ദിരങ്ങളോടാണ് പെല്ലിക്ക് കൂടുതല്‍ ഇഷ്ടം. എന്തുകൊണ്ട് അംബരചുംബികള്‍ നിര്‍മിക്കുന്നു എന്ന ചോദ്യത്തിന് അവ ആകാശവുമായി സംഭാഷണം നടത്തുന്നവയാണെന്നും അതു മനോഹരമായി അവതരിപ്പിക്കലാണ് ഒരു ആര്‍ക്കിടെക്റ്റിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പെട്രോനാസ് ടവര്‍ നിര്‍മിച്ചതിന് 2004ല്‍ ആഗാ ഖാന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. ലോകത്തിലേ തന്നെ ഏറ്റവും ഉയരം കുടിയ പെട്രോനാസിന്റെ ഉയരം 1484 അടിയാണ്.