സ്വകാര്യമേഖലയിലെ ആളുകള്‍ക്ക് 75 % സംവരണം ഏര്‍പ്പെടുത്തി ജഗന്‍ സര്‍ക്കാര്‍

ഹൈദരാബാദ്: സംസ്ഥാനത്തെ യുവാക്കള്‍ക്ക് ജോലിസംവരണം ഉറപ്പുവരുത്തി പുതിയ നിയമം പാസാക്കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ആന്ധ്രാപ്രദേശ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ഇന്‍ഡസ്ട്രീസ്/ഫാക്ടറീസ് ആക്ട്, 2019 പാസാക്കിയതിലൂടെ സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നിന്നുള്ള യുവാക്കള്‍ക്ക് 75% സംവരണം ലഭിക്കും. ഈ നിയമം പാസാക്കുന്നതിലൂടെ തദ്ദേശീയര്‍ക്ക് തൊഴിലുറപ്പ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാവുകയാണ് ആന്ധ്രപ്രദേശ്.

വ്യവസായ യൂണിറ്റുകള്‍, ഫാക്ടറികള്‍, പൊതു-സ്വകാര്യ, കൂട്ടുസംരംഭക യൂണിറ്റുകള്‍ തുടങ്ങി എല്ലാ വ്യാവസായിക സംരംഭങ്ങളിലും സംവരണം നിലവില്‍ വരും. തൊഴിലിനാവശ്യമായ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത യുവാക്കള്‍ക്ക് അതിനുള്ള പരിശീലനം നല്‍കാനുള്ള പദ്ധതിയും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമം നിലവില്‍ വരുന്നതോടെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് തദ്ദേശീയര്‍ക്ക് തൊഴിലവസരം നിഷേധിക്കുക അസാധ്യമാവും. യുവാക്കള്‍ക്ക് തൊഴില്‍ സംവരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഉറപ്പ് നല്‍കിയിരുന്നു.