കാഷ്മീര്‍ മധ്യസ്ഥത; വിശദീകരണവുമയ് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം

വാഷിങ്ടണ്‍:കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം. കാഷ്മീരിലേത് ഉഭയകക്ഷി പ്രശ്നമാണെന്നും പരിഹാര ചര്‍ച്ചകള്‍ക്ക് ഇരു കക്ഷികളും തയ്യാറായാല്‍ സഹായിക്കാന്‍ ഒരുക്കമാണെന്നുമാണ് അമേരിക്കയുടെ നിലപാടെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനായി അമേരിക്ക പിന്തുണ നല്‍കുമെന്നും ഭീകരവാദത്തെ ഇല്ലാതാക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രാലയം പറയുന്നു. അതേസമയം, കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ടോ എന്ന കാര്യം അമേരിക്ക വ്യക്തമാക്കിയിട്ടില്ല. കാഷ്മീര്‍വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം അഭ്യര്‍ഥിച്ചതായി കഴിഞ്ഞ ദിവസം ട്രംപ് മാധ്യമങ്ങളോട് നടത്തിയ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ വക്താവ് തയ്യാറായില്ല.

എന്നാല്‍ ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ്  വ്യക്തമാക്കിയിരുന്നു. കാഷ്മീര്‍ വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നത് ഇന്ത്യ നേരത്തെ മുതല്‍ സ്വീകരിച്ചുവരുന്ന നിലപാടാണ്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് ട്രംപ് നടത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നടത്തണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്.