ഡല്‍ഹി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് എതിരെ പുതിയ നടപടികളുമായി മോട്ടോര്‍ വാഹന ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. പത്തിരട്ടി വര്‍ധനയാണ് പിഴ ശിക്ഷയില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുക, ആംബുലന്‍സിന് വഴി നല്‍കാതിരിക്കല്‍, ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍ എന്നിവയ്ക്ക് 10,000 രൂപയാണ് അധിക പിഴശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നതിനിനും ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും രക്ഷിതാക്കള്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷയാണ് പുതിയ ഭേദഗതി പ്രകാരം ലഭിക്കുക.
വാഹനാപകടത്തില്‍ മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് നഷ്ട പരിഹാരമായി നല്‍കുന്നത്.
ഓല, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളേയും മോട്ടോര്‍ വാഹന നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വന്നിട്ടുണ്ട്. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഡ്രൈവര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കന്നതുമായി ബന്ധപ്പെട്ടുള്ള ശിക്ഷയ്‌ക്കെതിരെ എംപി എന്‍കെ പ്രേമചന്ദ്രന്‍ രംഗത്തു വന്നെങ്കിലും ഭേദഗതി അംഗീകരിച്ചില്ല. രക്ഷിതാക്കള്‍ ഒരിക്കലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കരുതെന്നും പുതിയ ഭേദഗതികള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം കവരില്ലെന്നും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു.
ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍:
പിഴശിക്ഷകള്‍,
1. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍- 1000 (നിലവില്‍ 100)
2. അപകടകരമായി വണ്ടിയോടിച്ചാല്‍- 5000
3. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍- 5000 (നിലവില്‍ 500)
4. അമിത വേഗത- 1000-2000 (നിലവില്‍ 500)
5. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍- 1000 (നിലവില്‍ 100)
6. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍- 5000 (നിലവില്‍ 1000)
7. മദ്യപിച്ച് വാഹനം ഓടിച്ചാല്‍- 10000 (നിലവില്‍ 2000)
8. വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍- 2000
9. അമിതഭാരം കയറ്റിയാല്‍- 20,000 രൂപ (നിലവില്‍ 2000)
മറ്റു വ്യവസ്ഥകള്‍,
1. ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് 5 വര്‍ഷത്തിലൊരിക്കല്‍ പുതുക്കണം. നിലവില്‍ ഇത് 3 വര്‍ഷം.
2. ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി 10 വര്‍ഷം (നിലവില്‍ 20)
3. കാലാവധി പൂര്‍ത്തിയാകുന്ന ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കും.
4. അപകടത്തില്‍പ്പെടുന്നയാളെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
5. പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്ട്രേഷന്‍ റദ്ദാക്കും
6. വാഹനം ഇടിച്ചിട്ട് ഓടിച്ചു പോകുന്ന കേസുകളില്‍ മരിക്കുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം (നിലവില്‍ 25,000 രൂപ), ഗുരുതര പരിക്കിന് 50,000 രൂപ (നിലവില്‍ 12,500 രൂപ)
7. ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കേണ്ടത് അപകടമുണ്ടാക്കുന്ന വാഹനത്തിന്റെ ഉടമ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി
8. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസം.
9. കുട്ടികള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിന് 25,000 രൂപ പിഴയും 3 വര്‍ഷം തടവും ലൈസന്‍സ് റദ്ദാക്കലും
10. വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം
11. പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ
12. അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.
13. അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.
14. ലേണേഴ്‌സ് ലൈസന്‍സ് അപേക്ഷ, അപേക്ഷാ ഫീ എന്നിവ ഓണ്‍ലൈനില്‍.
15. ലൈസന്‍സ് അപേക്ഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല.
16. ഡ്രൈവിംഗ് ലൈസന്‍സില്‍ കൂടുതല്‍ വിഭാഗങ്ങള്‍ ചേര്‍ക്കാനുള്ള അപേക്ഷ (ടൂവീലര്‍, ഫോര്‍വീലര്‍) രാജ്യത്ത് എവിടെയും നല്‍കാം
17. രാജ്യത്ത് വിതരണം ചെയ്യുന്ന ലൈസന്‍സുകളുടെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ദേശീയ രജിസ്റ്റര്‍
18. പുതിയ വാഹനങ്ങള്‍ ഡീലര്‍മാര്‍ ഉടമകള്‍ക്ക് കൈമാറേണ്ടത് രജിസ്‌ട്രേഷനു ശേഷം. വാഹനം എവിടെ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉടമയ്ക്ക് തീരുമാനിക്കാം.
19. തകരാറുള്ള വാഹനങ്ങള്‍ കമ്പനി തിരികെ വാങ്ങി ഉപഭോക്താവിന് മുഴുവന്‍ പണവും മടക്കി നല്‍കണം.