മുത്തലാക്ക് ബില്‍ ഇന്ന് ലോകസഭയില്‍

 

ന്യൂഡല്‍ഹി: മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് നിരോധന ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയില്‍ വരും. ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കും. നേരത്തെ ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പരാജയപ്പെടുകയായിരുന്നു. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ കൊണ്ടുവരുന്നത്.

ജനതാദള്‍ യുണൈറ്റഡ്, അണ്ണാ ഡിഎംകെ, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയത്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെടാന്‍ ഇന്നലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. രാജ്യസഭയില്‍ ഇന്ന് ആര്‍ടിഐ നിയമഭേദഗതി ബില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് പതിമൂന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

2017 ഡിസംബര്‍ 27-നാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്‍ എന്ന മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. 2018 ജനുവരി മൂന്നിന് രാജ്യസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.

കഴിഞ്ഞ സെപ്റ്റംബറില്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ രണ്ടാമതും ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.