ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ തകര്‍ന്നതിന് പുറകെ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി സ്പീക്കര്‍. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ലയിച്ചിട്ടും ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെ സ്പീക്കര്‍ അയോഗ്യരാക്കി.
വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എംഎല്‍എമാരാണ് രമേഷ് ജാര്‍ക്കിഹോളിയും മഹേഷ് കുമത്തല്ലിയും. ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച മറ്റ് വിമത എംഎല്‍എമാര്‍ക്ക് നേരെയും നടപടി ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്പീക്കര്‍. ബാക്കി എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കുമെന്നാണ് സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിന്റെ അറിയിപ്പ്.
രാജിവച്ച പതിനഞ്ച് എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യത ശുപാര്‍ശ നല്‍കിയിരുന്നു. കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത്രപെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നേരത്തേ തന്നെ സ്പീക്കര്‍ നല്‍കിയിരുന്നു.