49 പേരെ തള്ളി പ്രധാനമന്ത്രിക്ക് 61 താരങ്ങളുടെ കത്ത്; അഭിപ്രായ സ്വാതന്ത്ര്യം ഏറ്റവും കൂടുതലുള്ളത് മോദി ഭരണത്തില്‍

 

രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരായി കഴിഞ്ഞ ദിവസമാണ് 49 കലാകാരന്‍മാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ ഇവരെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റനൗത്ത് ഉള്‍പ്പെടെയുള്ള മറ്റ് 61 കലാകാരന്‍മാര്‍. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രത്യേക വിഷയങ്ങളില്‍ പ്രതികരിക്കുന്നത് തെറ്റായ പ്രവണതയാണെന്നാണ് ചൂണ്ടിക്കാട്ടി ഇവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

നര്‍ത്തകിയും എംപിയുമായ സോനാല്‍ മന്‍സിംഗ്, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, പണ്ഡിത് വിശ്വ മോഹന്‍, സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി, മധുര്‍ ഭണ്ഡാര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുളള 61 പേരാണ് കത്തയച്ചിരിക്കുന്നത്.മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സ്വാതന്ത്ര്യം മോദിയുടെ ഭരണകാലത്തുണ്ട്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും അധിക്ഷേപിക്കാനും സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും കത്തില്‍ പറയുന്നു

ആദിവാസി വിഭാഗങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ടവരും മാവോവാദി ആക്രമങ്ങള്‍ക്ക് വിധേയരായപ്പോള്‍ എവിടെയായിരുന്നെന്നും ഈ കലാകാരന്‍മാര്‍ എന്ന് കത്തില്‍ ചോദിക്കുന്നു. വിഘടനവാദികള്‍ കാശ്മീരില്‍ സ്‌കൂളുകള്‍ ആക്രമിച്ചപ്പോള്‍ അവര്‍ മൗനം പാലിച്ചു. രാജ്യത്തെ വിഭജിക്കാന്‍ ആവശ്യമുയര്‍ന്നപ്പോള്‍ ഇവര്‍ പ്രതികരിച്ചില്ല. പക്ഷപാതപരമായ രാഷ്ട്രീയ താത്പര്യങ്ങളാണ് അവര്‍ ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കുന്ന നല്ല കാര്യങ്ങള്‍ വിലകുറച്ച് കാണാനാണ് ഇക്കൂട്ടര്‍ ശ്രമം നടത്തുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

ആള്‍ക്കൂട്ട കൊലപാതകങ്ങളും മുസ്ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് നടി രേവതി, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, .സിനിമാ നിര്‍മാതാക്കളായ അനുരാഗ് കശ്യപ്, മണി രത്നം, സാമൂഹിക പ്രവര്‍ത്തക അനുരാധ കപൂര്‍, അതിഥി ബസു, ഗ്രന്ഥകാരന്‍ അമിത് ചൗധരി എന്നിവരുള്‍പ്പെടെയുള്ള 41 കലാകാരന്‍മാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം എന്ന വിളി യുദ്ധകാഹളമായി മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കണം. ഇത്തരം ആക്രമണങ്ങള്‍ ജാമ്യമില്ലാ കുറ്റമായി മാറണം. രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യവിരുദ്ധമായി ചിത്രീകരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.