ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദിയൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതായി ഗവര്‍ണറെ കണ്ട ശേഷം യെദ്യൂരപ്പ പറഞ്ഞു.സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായാണ് യെദ്യൂരപ്പയുടെ നീക്കം.
കുമാരസ്വാമി സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു.
ഇന്ന് 12.30-ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈകീട്ട് ആറ് മണിക്കാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. താന്‍ നിലവില്‍ പ്രതിപക്ഷ നേതാവാണ്. അത് കൊണ്ട് തന്നെ നിയമസഭാ പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രണ്ട് സ്വതന്ത്രന്മാര്‍ അടക്കം 107 പേരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്.